ആത്മനിര്‍ഭര ഭാരതമെന്ന ആഹ്വാനത്തിന്റെ വഴിയിലാണ്് ചോലിപ്പറമ്പില്‍ ചാത്തുണ്ണി മകന് സുരേഷിന്റെ യാത്ര…. ഗ്രാമസ്വരാജ് എന്ന ആത്മോദ്ധാരണമന്ത്രത്തിന് പുതിയകാലത്തിന്റെ ഭാഷയില്‍ വ്യാവസായിക ഭാഷ്യം രചിക്കുകയാണ് ഈ ഇരിങ്ങാലക്കുടക്കാരന്. ചുറ്റുവട്ടത്തുനിന്നാണ് വ്യവസായത്തിന്റെ പുതിയ പടവുകളിലേക്കുള്ള ഉപായങ്ങള്‍ സുരേഷ് കണ്ടെത്തിയതും ചവിട്ടിക്കയറിയതും. ഇടറിവീഴുമെന്ന ഘട്ടത്തിലും പിടിച്ചുനില്ക്കാന് ആശ്രയമായിക്കണ്ടതും നാടും നാടനും എന്ന എക്കാലത്തെയും മികച്ച ബ്രാന്‍ഡ് ആയിരുന്നു.
കോര്‍പ്പറേറ്റ് കമ്പനികളുടെ തിളക്കത്തിലായിരുന്നില്ല സുരേഷ് കണ്ണുനട്ടത്. ജിവിക്കണം. മറ്റുള്ളവര്‍ക്കും ജീവിതം പകരണം. അതിന് എല്ലാവരും കണ്ടിട്ടും കാണാതെപോയതൊക്കെയും തന്റെ ജീവിതയാത്രയ്ക്ക് ഇന്ധനമാക്കി. എഴുതിത്തള്ളിയവര്ക്കിടയില് വിജയിക്കുന്നത് ശീലമാക്കി.
നഗരഹൃദയങ്ങളില്‍ ഗ്രാമത്തിന്റെ തണല്‍ തേടുന്നവര്‍ക്ക് സഹായമാവുകയാണ് തന്റെ ഉന്നമെന്ന് പറയൂമ്പോള്‍ സുരേഷിന് അതിന് പിന്നില്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമുണ്ട്. മെട്രോനഗരങ്ങളില്‍ ഫഌറ്റുകള്‍ക്ക് മുകളില്‍ പച്ചക്കറിത്തോട്ടം സൃഷ്ടിക്കുന്ന പുതിയ കര്‍ഷകര്‍ വളമെങ്ങനെ കിട്ടുമെന്ന് ശങ്കിച്ച് നില്‍ക്കുമ്പോഴാണ് നാച്വര്‍ കൗഡങ് പൗഡറുമായി സുരേഷ് രംഗത്തെത്തുന്നത്. പേര് കേട്ട് ഭയപ്പെടരുത്. ചാണകപ്പൊടിയാണ് ഇനം. മനോഹരമായ കവറില്‍ ഒരു കിലോ, രണ്ട് കിലോ പായ്ക്കിങ്…. അന്തസ്സോടെ കൃഷി ചെയ്യാം. വിളവെടുക്കാം….
വ്യവസായത്തില്‍ സുരേഷിന് തന്ത്രമില്ല, അതിനെ വ്യവസായ നയം എന്ന് പറയണം. ആ നയത്തിന് ചരിത്രവുമായും ദേശീയവികാരവുമായും ബന്ധമുണ്ട്. അതുകൊണ്ട് സുരേഷ് ഊന്നുന്നത് സ്വദേശി സാമ്പത്തിക നയത്തിലാണ്. സുരേഷിന്റെ ഈ ‘ചാണകപ്പൊടിനയം’ ഊന്നുന്നത് രാഷ്ട്രം മുന്നോട്ടുവച്ച ആത്മനിര്ഭരതയിലാണ്.
കെപിഎല്‍ ഓയില്‍ കമ്പനിയിലായിരുന്നു സുരേഷിന്റെ തുടക്കം. അവിടെനിന്ന് ഉടുപ്പിയിലേക്ക് ജീവിതം പറിച്ചുനട്ടു. ഉടുപ്പിയിലെ ഹെബ്രിയില്‍ വിനായക അഗ്രോ പ്രൊഡക്ട്സില്‍ പാര്‍ട്ട് ടൈം ജോലി. എള്ളെണ്ണയായിരുന്നു ഉല്‍പ്പന്നം.
മുരിയാട് അശോക ഓയില്‍ മില്‍ അക്കാലത്ത് പൂട്ടിക്കിടക്കുകയായിരുന്നു. ഇരുപത് കൊല്ലമായി അടഞ്ഞുകിടക്കുന്ന ആ മില്‍ തുറക്കാനായിരുന്നു പിന്നീടേറ്റ നിയോഗം. അതൊരു നിമിത്തമായിരുന്നു. കണ്സള്ട്ടന്റില്നിന്ന് പാര്ട്ണറിലേക്കുള്ള മാറ്റം. 2012 ജൂണ്‍ 29നാണ് നാച്വര്‍ അഗ്രോ കോംപ്ലക്സ് എന്ന സ്ഥാപനം പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ തുടങ്ങിയത്.
ഇരിങ്ങാലക്കുട അന്ന് എണ്ണമില്ലുകളുടെ ഒരു കേന്ദ്രമായിരുന്നു. ഒരു ചെറിയ മേഖലയില്‍ മാത്രം നൂറോളം മില്ലുകള്‍. അവയെല്ലാം ഒന്നൊന്നായി അടച്ചുപൂട്ടുമ്പോഴാണ് സുരേഷ് ഇത് തുടങ്ങുന്നത്. സാഹസം എന്ന് പറഞ്ഞവരാണേറെയും. സംഗതി സത്യമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് നിലവാരം കുറഞ്ഞ എണ്ണ പല വര്ണക്കവറുകളില് വിപണിയിലൊഴുകിയതോടെ കമ്പനി വലിയ നഷ്ടത്തിലേക്ക് നീങ്ങി.
വീണുപോയേക്കുമെന്ന ആശങ്ക കണ്ടുനിന്നവരില്‍ മാത്രമല്ല അതിസാഹസത്തിനിറങ്ങിത്തിരിച്ച സുരേഷിനും ഉണ്ടായി. മറികടക്കാനുള്ള ആശ്രയം ഹെബ്രിയിലെ പരിചയമായിരുന്നു. വെളിച്ചെണ്ണ ഹെബ്രിയിലേക്ക് നല്കി അവിടെ നിന്ന് എള്ളെണ്ണ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നു. എള്ളെണ്ണക്കമ്പനികള് വിരലിലെണ്ണാവുന്നവ മാത്രമേ കേരളത്തിലുള്ളൂ എന്നത് മുന്കൂട്ടികണ്ടായിരുന്നു സുരേഷിന്റെ നീക്കം. വെളിച്ചെണ്ണമില്‍ പതിയെ നല്ലെണ്ണ വിപണനത്തിലേക്ക് കടന്നു. ഗുണനിലവാരമുള്ള നല്ലെണ്ണ കേരളത്തിലുടനീളമെത്തിക്കുകയായിരുന്നു ഉന്നം. കൂടുതല്‍ പണം സ്വരൂപിച്ച് കമ്പനി പ്രൈവറ്റ് ലിമിറ്റഡാക്കി. നാച്വര്‍ അഗ്രോ കോംപ്ലക്സ് പ്രൈവറ്റ് ലിമിറ്റഡ്. മാനേജിങ് ഡയറക്ടര്‍ സുരേഷിന്റെ ഭാര്യ ദീപയാണ്. സുരേഷ് സിഇഒയും. കെ. സുധാകരന്(ചെയര്മാന്), ഡോ; മീരാഅനില്‍(എക്സിക്യൂട്ടീവ് ഡയറക്ടര്‍), അനില്‍.എസ് (മാര്ക്കറ്റിങ്മാനേജര്), ദിലീപ്.എന്‍.ആര് (പ്രൊഡക്ഷന്‍ മാനേജര്‍) എന്നിവരാണ് അമരത്ത്.
തികച്ചും നാച്വറലായിരുന്നു നാച്വറിന്റെ വളര്‍ച്ച. ശുദ്ധമായ എള്ളെണ്ണയ്ക്ക് ആയുര്വേദകമ്പനികളില് നിന്ന് ടെന്‍ഡര്‍ ലഭിച്ചു. കേരളത്തിലെ തൊണ്ണൂറ് ശതമാനം കമ്പനികളിലേക്കും ഇന്ന് എള്ളെണ്ണ വിതരണം ചെയ്യുന്നത് നാച്വര്‍ ആണ്. ഗുണനിലവാരവും മിതമായ വിലയും നാച്വറിന് വെറും പരസ്യവാചകമല്ല. വൈദ്യരത്നം, സീതാറാം, നാഗാര്‍ജുന, കേരള ആയുര്‍വേദ, കണ്ടംകുളത്തി, ധന്വന്തരി, ശാന്തിഗിരി തുടങ്ങി മുപ്പതോളം സ്ഥാപനങ്ങള്‍ക്ക് നാച്വറാണ് ഇന്ന് എള്ളെണ്ണ വിതരണം ചെയ്യുന്നത്.
പഴമയുടെ രുചിക്ക് വിപണനത്തിന്റെ പുത്തന്‍ പായ്ക്കിങ് ആയിരുന്നു നാച്വര്‍ മുന്നോട്ടുവെച്ച മറ്റൊരു നയം. ശര്‍ക്കര, ശര്‍ക്കരപ്പൊടി, നെയ്യ്, തുടങ്ങി ഓരോ വര്‍ഷവും ഓരോ ഉല്‍പ്പന്നങ്ങള്‍…
നാടന്‍ പുളിയുടെ പേസ്റ്റ് ആണ് വിപണി കയ്യടക്കിയ മറ്റൊരു ഇനം. സാധാരണഗതിയില്‍ കഴുകാതെ നേരെ ഉപയോഗിക്കുന്ന ഇനമെന്ന നിലയിലാണ് നാടന്‍ പുളിയെ സുരേഷ് പരിഗണിച്ചത്. കൂടുതല്‍ ശുചിയോടെ അത് ഉപയോഗിക്കാന്‍ വീട്ടമ്മമാര്‍ക്ക് അവസരമുണ്ടാക്കുകയായിരുന്നു ഉന്നം. ഇതാവുമ്പോള്‍ ടിന്നില്‍ നിന്ന് നേരെ കറിയിലേക്ക് ചേര്‍ക്കാം. കൈകൊണ്ട് പിഴിയണ്ട. ആയുര്‍വേദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തയ്യാറാക്കുന്ന ചുക്കുകാപ്പിപ്പൊടിയാണ് മറ്റൊരിനം.
അമ്പത് കോടി ടേണ്‍ ഓവറുള്ള ഒരു വ്യവസായത്തിന് സുരേഷ് ചൂണ്ടിക്കാട്ടുന്ന സമവാക്യം ‘കൃഷി, പശുവളര്‍ത്തല്‍, ആയുര്‍വേദം’ എന്നതാണ്. കര്‍ഷകത്തൊഴിലാളിയുടെ മകനായതുകൊണ്ടുതന്നെ സുരേഷിന് കൃഷിയോടും പരിസ്ഥിതിയോടുമുള്ള മമതയും വലുതാണ്. കല്ലേന്‍ പൊക്കുടനെയും പ്ലാവ് ജയനെയും പോലുള്ളവരുമായുള്ള അടുത്ത ബന്ധവും മാടമ്പ് കുഞ്ഞുക്കുട്ടനെയും കെ.പി. ശങ്കരനെയും പോലുള്ളവരുമായുള്ള ഇടപഴകലുമൊക്കെ വ്യവസായത്തിലും സംസ്കാരത്തിന്റെ മുദ്ര പതിപ്പിക്കാന്‍ സുരേഷിന് സഹായകമായിട്ടുണ്ട്. എബിവിപിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സുരേഷ് ഇപ്പോള്‍ തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ ദീപാസുരേഷ്. മകന്: ഈശ്വര്‍ കൃഷ്ണ.
സി.സി. സുരേഷിന്റെ നമ്പര്‍: 8943351610
പ്രതികരിക്കാൻ ഇവിടെ എഴുതുക: