കാസര്‍കോട്: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ 26 മുതല്‍ ആരംഭിക്കാനിരിക്കെ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലാകെ 53344 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.ഇതില്‍ ജില്ലയിലെ 153 സെന്ററുകളിലായി 19630 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷയെഴുതുക. ഹയര്‍സെക്കന്ററി തലത്തില്‍ 106 സെന്ററുകളിലായി 16677 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 17037 പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതുക.
22 സെന്ററുകളിലായി 3000 വിഎച്ച്സി കുട്ടികളും പരീക്ഷയെഴുതും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 33 കുട്ടികള്‍ സ്വന്തമായി എത്തി പരീക്ഷ എഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാര്‍ഥികളും കര്‍ണാടകയില്‍ നിന്നുള്ള 204 ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുമാണുള്ളത്. എവിടെയും പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഹോട്സ്പോട്ടായ പഞ്ചായത്തുകളിലും മുന്‍പിപാലിറ്റിയിലും കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ പരീക്ഷ എഴുതാം.എന്നാല്‍ കണ്ടയിന്റ്മെന്റ് സോണുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം മാറ്റി മറ്റൊരു മുറിയിലാണ് പരീക്ഷ എഴുതുക.ഇതിനായുള്ള സജ്ജീകരണങ്ങളും വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് സബ്കളക്ടര്‍ അനുവദിച്ച പാസുമായി രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തണം. പാസ് ലഭിക്കാന്‍ കാലതാമസമുണ്ടായാലും രജിസ്റ്റര്‍ ചെയ്ത രേഖയുമായി ഇന്ന് രാവിലെ പത്തിന് മുമ്പ് തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇവരെ ജില്ലാഭരണകൂടമേര്പ്പെടുത്തുന്ന പ്രത്യേക കെ എസ് ആര് ടി സി ബസുകളില്‍ അതത് വിദ്യാലയങ്ങളിലെത്തിക്കും.
ഒരു ബസില്‍ 30 വിദ്യാര്‍ത്ഥികള്‍ എന്ന ക്രമത്തിലാണ് കെ എസ് ആര്‍ടിസി ബസ് ക്രമീകരിക്കുക. പരീക്ഷ കഴിയുന്നത് വരെ ഈ വിദ്യാര്‍ത്ഥികളുടെ താമസം, ഭക്ഷണം എന്നിവയടക്കം പൂര്‍ണ്ണ ചുമതല അതാത് സ്കൂളുകള്‍ക്കായിരിക്കും. കൂടാതെ ഇത്തരത്തിലെത്തുന്ന കുട്ടികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്കൂളിലെത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് 19 ജാഗ്രത മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരീക്ഷ എഴുതിക്കുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും, സാമൂഹ്യ അകലം പാലിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ടന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ.വി പുഷ്പ പറഞ്ഞു. പരീക്ഷ കഴിഞ്ഞാലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 14 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തീകരിക്കണം.
സ്കൂളുകള്‍ അണുവിമുക്തമാക്കി അഗ്നിശമന സേന
സകൂളുകള്‍ എല്ലാവരും ചേര്‍ന്ന് വൃത്തിയാക്കിയപ്പോള്‍ അണു നശീകരണം നടത്തി അഗ്നിശമന സേന വിഭാഗവും.ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അഗ്നിശമന സേന വിഭാഗവും സിവില്‍ ഡിഫന്‍സ് ഫോഴ്സും ചേര്‍ന്ന് അണു നശീകരണം നടത്തുന്നു. ഇതോടെ കൊറോണക്കാലത്തെ പരീക്ഷയ്ക്കായുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു.ആദ്യം ഘട്ടത്തില്‍ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍, ക്യാമ്പുകള്‍ എന്നിവ നടന്ന സ്കൂളുകള്‍ സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കി. തുടര്‍ന്ന് ജില്ലയിലെ മറ്റു സ്കൂളുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: