കൊല്ലം: കേരളത്തിലെ കൊലപാതക ചരിത്രത്തിലെ അപൂര്‍വസംഭവമായി മാറുകയാണ് അഞ്ചലിലെ ഉത്രയുടെ മരണം.വളരെ ആസൂത്രിതമായി അതീവ ബുദ്ധിയോടെയാണു ഭര്‍ത്താവ് സൂരജ് ഉത്രയെ കൊല്ലാനുള്ള കരുക്കള്‍ നീക്കിയത്. വിവാഹശേഷം സ്വത്ത് സ്വന്തമാക്കാനാണ് ഇത്രയും ക്രൂരമായ കൊലപാതകമെന്നാണ് സൂരജ് നല്‍കുന്നത്. ചെറിയ മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ഉത്രയെ സ്വര്‍ണവും സ്വത്തും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണു സൂരജ് വിവാഹത്തിന് തയാറായത്. അഞ്ചു മാസമായി ഉത്രയെ കൊല്ലാനുള്ള പദ്ധതി സൂരജ് തയാറാക്കുകയായിരുന്നു. പാമ്പിനെ പിടിത്തക്കാരനായ സുരേഷ് എന്നയാളില്‍ നിന്നാണ് ഉത്രയെ കടിപ്പിക്കാനുള്ള രണ്ടു പാമ്പുകളേയും സൂരജ് വാങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് ആദ്യം ഉത്രയെ സൂരജിന്റെ അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ചു പാമ്പു കടിക്കുന്നത്. സുരേഷ് എന്നയാളില്‍ നിന്നു വാങ്ങിയ ഉഗ്രവിഷമുള്ള അണലിയാണ് അന്നു ഉത്രയെ കടിച്ചത്. രാത്രിയായിരുന്നു കടിയേറ്റത്. എന്നാല്‍, പുലര്‍ച്ചെ ഒരു മണിയോടെയാണു കാലിന് അസഹ്യമായ വേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകണമെന്ന് ഉത്ര ആവശ്യപ്പെട്ടത്. അടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാമ്പ് കടിയേറ്റതാണെന്നും മരുന്ന് ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ ലഭിച്ച വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ഉത്രയയുടെ ജീവന് രക്ഷപ്പെട്ടു.തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ നടത്തിയശേഷമാണ് ഉത്ര അഞ്ചല്‍ ഏരൂരിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞത്.
ഉത്രയെ വീണ്ടും വകവരുത്താനുള്ള പദ്ധതി സൂരജ് ആരംഭിച്ചതോടെ സുരേഷില്‍ നിന്ന് കരിമൂര്‍ഖനെ പതിനായിരം രൂപ നല്കി വാങ്ങിയത്. അടൂര്‍ ഏനാത്ത് നിന്നാണ് പാമ്പിനെ സുരേഷില്‍ നിന്നു വാങ്ങിയത്.പാമ്പിനെ എന്തിനാണെന്ന ചോദ്യത്തിന് യുട്യൂബ് വീഡിയോ ചെയ്യാനാണെന്നായിരുന്നു സൂരജിന്റെ മറുപടി. മേയ് ഏഴിന് ഉത്രയുടെ വീട്ടില്‍ എത്തുമ്പോള്‍ വലിയബാഗുമായാണ് സൂരജ് എത്തിയത്. കരിമൂര്‍ഖനെ കുപ്പിയിലാക്കി ചാക്കില്‍കെട്ടിയാണ് വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് രാത്രി ഉത്ര ഉറങ്ങിയ ശേഷം പാമ്പിനെ പുറത്തെടുത്ത ദേഹത്തേക്ക് ഇടുകയായിരുന്നു. രണ്ടു തവണ പാമ്പ് ഉത്രയുടെ കൈകളില്‍ ആഞ്ഞുകൊത്തിയെന്നാണ് സൂരജ് തന്നെ പോലീസിനോട് പറഞ്ഞത്. ശേഷം പാമ്പിനെ പിടിക്കാന്‍ സൂരജ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ലൈറ്റുകള്‍ അണയ്ക്കാതെ ഭാര്യയുടെ മരണം നോക്കിയിരുന്ന് സൂരജ് നേരം വെളുപ്പിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ സൂരജ് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി. ശേഷം ഉണരാന്‍ വൈകുന്നതിനാല്‍ വിളിക്കാന്‍ എത്തിയ അമ്മയാണ് ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ഉത്രയെ കാണുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും. ഈ ദിവവസം തന്നെ ലോക്കറില്‍ ഉണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണം സൂരജ് കൈക്കലാക്കിയിരുന്നു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനാണ് ഈ കൊടുംക്രൂരത ചെയ്തതെന്നാണ് സൂരജ് പറയുന്നത്. സൂരജിനെ സഹായിക്കാന്‍ അകന്ന ബന്ധുവുമുണ്ടായിരുന്നെന്നു പോലീസ് കണ്ടെത്തി. സൂരജിന്റേയും ബന്ധുവിന്റേയും പാമ്പുപിടിത്തക്കാരന്റേയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്ജിതപ്പെടുത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: