മുക്കം: തമിഴ്നാട്ടിലെ തേനിയില്‍ നിന്നും ലോക്ഡൗണ്‍ മറികടന്നു മുക്കത്തെത്തിയ തമിഴ്നാട് വെല്ലൂര്‍ സ്വദേശി ഭൂപതി(39)നെതിരെ മുക്കം പോലീസ് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ മുക്കത്തെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റൈനില്‍ ആണ്. 20ന് ബുധനാഴ്ച രാവിലെ എട്ടരക്ക് തേനിയില്‍ നിന്നും ബൈക്കില്‍ ആണ്ടിപ്പെട്ടി വരെ എത്തിയ ഇയാള്‍ പിന്നീട് ഇരുപതു കിലോമീറ്ററോളം പഴനി റൂട്ടിലൂടെ നടന്ന് പാലക്കാട് റോഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രാത്രിയായപ്പോള്‍ പാലക്കാട് ചെക്കുപോസ്റ്റിനു സമീപം വെച്ച് പാഴ്സല്‍ കയറ്റിവന്ന ലോറിയില്‍ കയറി. എന്നാല്‍ അനധികൃതമായി ആളെ കയറ്റിക്കൊണ്ടു പോകുന്നത് പിടിക്കപ്പെട്ടാല്‍ പ്രശ്നമാകുമെന്ന് മനസ്സിലായ ലോറി ഡ്രൈവര്‍ ഇയാളെ മണ്ണാര്‍ക്കാട് ഇറക്കി വിടുകയായിരുന്നു.
മണ്ണാര്‍ക്കാട് നിന്നും കാല്‍നടയായി മഞ്ചേരി എത്തുകയും അവിടെ നിന്ന് കൊണ്ടോട്ടി വഴി എളുപ്പമാര്‍ഗം മുക്കത്തെത്തുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നും ഇയാള്‍ മുക്കത്തെത്തിയതായി രഹസ്യ വിവരം ലഭിച്ച മുക്കം പോലീസ് ഇയാളെ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ മുക്കത്തെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാള്‍ എന്‍ഐടി കെട്ടാങ്ങലില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് ക്വാറന്റൈന് മറികടന്നു ഭാര്യ വീട്ടില്‍ സന്ദര്‍ശനം നടത്തിയ യുവാവിനെതിരെ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്വാറന്റൈന് ലംഘനം നടത്തുന്നവരെ കണ്ടെത്താനായി മഫ്തിയില്‍ വിവിധ സ്ഥലങ്ങളില്‍ പോലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വരും ദിവസങ്ങളിലും ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുക്കം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: