തിരുവനന്തപുരം: അനാവശ്യ നടപടികളിലൂടെ സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്നതില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞേയുള്ളൂ മറ്റാരും. കൊറോണ കാലത്തും അതിനു മാറ്റമില്ലന്ന് തെളിയുന്നു.
കര്‍ശനമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പത്രസമ്മേളനങ്ങളില്‍ പോലും മാസ്ക്ക് ധരിച്ച് എത്തുകയും ചെയ്യുമ്പോള്‍ തനിക്കിതൊന്നും ബാധകമല്ലന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്. അവസാനം സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിനുള്ളില്‍ പരസ്യമായി ലോക്ഡൗണ്‍ പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുകയാണ് മന്ത്രി.കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഭാരവാഹികളില്‍ നിന്ന് ചെക്ക് സ്വീകരിക്കുന്ന മന്ത്രി മാസ്ക്ക് ധരിച്ചിട്ടില്ല. പത്തിലധികം പേര് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. അതില്‍ ഒരാള്‍ക്ക് മാത്രമാണ് മാസ്ക് . അതും വായും മൂക്കും മൂടാതെ താടിയില്‍ ധരിച്ചിരിക്കുന്നു. മാത്രമല്ല മന്ത്രിയോടൊപ്പം നില്‍ക്കുന്നതിന്റെ ചിത്രം വരാനായി സാമൂഹ്യ അകലം പാലിക്കാതെ ഒട്ടിയൊട്ടിയാണ് എ്ല്ലാവരും നില്‍ക്കുന്നത്.
നേരത്തെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തതിന് അധ്യാപകരെ വിമര്‍ശിക്കാന്‍ സ്കൂളില്‍ ആള്‍കൂട്ട പരിപാടി നടത്തിയ കടകംപള്ളിയുടെ നടപടി വിവാദമായിരുന്നു. കേസ് എടുക്കേണ്ട കേസായിരിന്നിട്ടും അത് ചെയ്യാതിരുന്നതിന് മുഖ്യമന്ത്രി ഏറെ പഴിയും കേട്ടു. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോള്‍ നടപടി എടുക്കുന്നതിന് കടകംപളളിയുടെ നടപടി വിലങ്ങായി.
താന്‍ പറയുന്നതിന് കടകവിരുദ്ധമായി കടകംപള്ളി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയേയും പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയിലും കടകംപള്ളിക്കെതിരെ ഗുരുതരമായ ആരോപണം ഉണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതിന്റെ പേരില്‍ മേയറും മന്ത്രിയും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പരസ്യമായി പറഞ്ഞത് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കിയിരുന്നു. അരുവിക്കര ഡാം തുറന്നതാണ് വെള്ളപ്പൊക്കത്തിനു കാരണം എന്നു മേയര്‍ പറഞ്ഞപ്പോള്‍ അതല്ലന്നായിരുന്നു മന്ത്രിയുടെ നിലപാട്.
പലതവണ താക്കീത് നല്‍കിയിട്ടും അനുസരിക്കാത്ത കടകംപളളിക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കൊറോണ പ്രതിസന്ധി അയയുമ്പോള്‍ മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നാലും അ്ത്ഭുതപ്പെടാനില്ല.
മന്ത്രിയായി അധികാരമേറ്റ സമയം മുതല്‍ കടകംപള്ളി ചെയ്ത കാര്യങ്ങള്‍ വാവാദമായി.വൈദ്യുതി മന്ത്രിപ്പണി കിട്ടിയ ഉടന്‍ അതിരപ്പിള്ളി, ചീമേനി പദ്ധതികള്‍ നടപ്പിലാക്കുമെന്നായിരുന്നു പ്രസ്താവന. ഇടതുമുന്നണിപോലും ചര്‍ച്ചചെയ്യാത്ത വിവാദവിഷയത്തില്‍ മന്ത്രിയുടെ തീരുമാനം. അതിന് കാനം ഉള്‍പ്പെടെ സിപിഐക്കാര്‍ ചുട്ടമറുപടി കൊടുത്തു.
ദേവസ്വം മന്ത്രി എന്ന നിലയില്‍ പ്രഖ്യാപിച്ച ആദ്യവിടുവായത്തത്തിന് പാര്‍ട്ടിയില്‍ കൈയടി കിട്ടി. ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നു എന്നായിരുന്നു അത്. എന്നാല്‍ അതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ക്കെതിരെ പെറ്റിക്കേസുപോലും എടുക്കാന്‍ കഴിയാത്തത് നാണക്കേടായി. ശങ്കരാചാര്യരുടെ കസേര ചുമന്നു മാറ്റിയും സ്വയം അപഹാസ്യനായി.
മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യാത്രചെയ്തതില്‍ സുരക്ഷാവീഴ്ച ഉണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റായിരുന്നു അടുത്തത്. ആ വിവാദം സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി. മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ശോഭ കെടുത്തിയതും ബിജെപിക്കും കുമ്മനത്തിനും വലിയ ശ്രദ്ധ കിട്ടിയതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അനാവശ്യ പ്രസ്താവനകള്‍ ഇറക്കി സര്‍ക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് പിണറായിക്ക് താക്കീത് ചെയ്യേണ്ടി വന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നിലവിട്ടുള്ള വഴക്കുകളുണ്ടാക്കി ഇടയ്ക്കിടെ അല്പത്തരം കാണിച്ചു കൊണ്ടിരുന്നു.
ചൈനാ സന്ദര്‍ശന വിവാദമായിരുന്നു മറ്റൊന്ന്. ചൈനീസ് സന്ദര്‍ശനത്തിന് തനിക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചു എന്നതായിരുന്നു പരാതി. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി, ഖജനാവിലെ പണം ചെലവിട്ട് ചൈനാ പര്യടനം നടത്തേണ്ടതുണ്ടോ എന്ന വിദേശ മന്ത്രാലയത്തിന്റെ സംശയത്തിന് മറുപടി നല്‍കിയില്ല. പകരം വിസാ നിഷേധമാക്കി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോടുള്ള കടകംപള്ളിയുടെ വ്യക്തിവിരോധമായിരുന്നു പുതിയ ദേവസ്വം ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചതോടെ കടകംപള്ളി ഒരിക്കല്‍ക്കൂടി ഇളിഭ്യനായി.
ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ അവതരിപ്പിച്ചു. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. എന്നാല്‍ വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ കുറച്ച് കൂടി ജാഗ്രത കാണിക്കാമായിരുന്നെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുതിരുന്നു. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സി.പി.എമ്മില്‍ അതൃപ്തി പുകഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: