കോവിഡ് രോഗികള്‍ ഒരു ലക്ഷം കടന്ന് കുതിക്കുന്നു. ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും വിതച്ചത് സര്‍വ്വനാശം. കൊറോണ ജിഹാദുമായി തബ്ലീഗും ഒളിപ്പോരാട്ടവുമായി തീവ്രവാദികളും മാവോയിസ്റ്റുകളും. സ്ഥിതിഗതികള്‍ മുതലെടുക്കാന്‍ അതിര്‍ത്തിയില്‍ അശാന്തി സൃഷ്ടിച്ച് പാക്കിസ്ഥാനും ചൈനയും. അസ്വസ്ഥതയുണ്ടാക്കി നേപ്പാള്‍. മഹാമാരിക്കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനിറങ്ങി പ്രതിപക്ഷം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍. ഗള്‍ഫ് അടക്കം വിദേശങ്ങളില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം. രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നേരിടുന്നത് അസാധാരണ വെല്ലുവിളികള്‍.
ഒരു സമയത്ത് ഒരായിരം പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തിലാണ് ഇന്ത്യ. ഓരോ നിമിഷവും പൊരുതുകയാണ് നമ്മള്. ഓരോ പൗരനും ഓരോ സൈനികനാണിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. പ്രതിസന്ധികള്‍ അവസരമാക്കി മുന്നേറുന്നു. കൊറോണക്കു ശേഷമുള്ള മാറുന്ന ലോകക്രമത്തില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ആരോഗ്യ മന്ത്രി ഹര്ഷവര്ദ്ധന് നടന്നുകയറിയത് ഇതിന് ആക്കം കൂട്ടും.
കോവിഡിനെതിരായ പോരാട്ടത്തില്‍ ആഗോളതലത്തില്‍ മുന്നില്‍നില്‍ക്കുന്ന ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒരു ലക്ഷം പേരില്‍ ശരാശരി 60 പേര്‍ക്കാണ് ലോകത്ത് രോഗബാധ. മരണനിരക്ക് 4.1 ശതമാനവും. ഇന്ത്യയില്‍ ഇത് യഥാക്രമം 7.1%, 0.2% എന്നിങ്ങനെ മാത്രവും. രോഗികളെ ഉടന്‍ കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്കാന് സാധിക്കുന്നതാണ് നിരക്ക് കുറയാനുള്ള കാരണം.
രാജ്യത്ത് രോഗമുക്തി നിരക്കും വര്‍ദ്ധിക്കുകയാണ്. ആദ്യ ലോക്ക്ഡൗണ്‍ ആരംഭിക്കുമ്പോള്‍ 7.1 ശതമാനമായിരുന്നു രോഗമുക്തി നിരക്ക്. ഇപ്പോഴത് 40 ശതമാനം കടന്നു. പരിശോധനകളുടെ എണ്ണവും കൂടി. പ്രതിദിനം ഒരു ലക്ഷത്തിലേറെ പരിശോധനകള്‍ നടന്നുവരികയാണ്. 30 ലക്ഷത്തോളം സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ദിവസനേ 4.5 ലക്ഷം പിപിഇ കിറ്റുകളാണ് നമ്മള് നിര്‍മ്മിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 65 ലക്ഷം പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും 101.07 ലക്ഷം എന്‍95 മാസ്കുകളും കേന്ദ്രം വിതരണം ചെയ്തു. സ്വയംപര്യാപ്തതയെന്ന മോദിയുടെ മന്ത്രം ഈ കാലത്തും രാജ്യം യാഥാര്‍ത്ഥ്യമാക്കി.
അയല്‍ക്കാരുടെ അതിക്രമങ്ങള്‍
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്. ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ ഷെല്ലുകള്‍ പതിക്കുന്നു. നാനൂറോളം ചാവേറുകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ടതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഇവരെ അതിര്‍ത്തി കടത്തുന്നതിനായാണ് പാക്ക് സൈന്യത്തിന്റെ കവര്‍ ഫയര്‍. നോര്‍ത്ത് കശ്മീരിലെ ഹന്ദ്വാരയില് ഈ മാസമാദ്യം പാക് ഭീകര സംഘടന നടത്തിയ ആക്രമണത്തില്‍ കേണലും മേജറും ഉള്‍പ്പെടെ ആറ് സൈനികര്‍ വീരമൃത്യു വരിച്ചു. പശ്ചിമ അതിര്‍ത്തിയില്‍ പാക് വ്യോമസേന പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊറോണയുടെ പിടിയിലാണെങ്കിലും അത് നിയന്ത്രിക്കുന്നതിനേക്കാള്‍ ഭീകരതയുടെ വൈറസുകള്‍ ഇന്ത്യയില്‍ പടര്‍ത്താനാണ് ഇമ്രാന് ഖാന്റെ നീക്കം. ഇന്ത്യ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ലക്ഷ്കര്‍ ഭീകര നേതാവ് ഹൈദറിനെ സൈന്യം വധിച്ചു. ദ റസിസ്റ്റന്‍സ് ഫ്രണ്ട്, ജമ്മു കശ്മീര്‍ പിര്‍ പാഞ്ചല്‍ പീസ് ഫോറം എന്നീ പുതിയ ഭീകരസംഘടനകള്‍ താഴ്വരയില് പാക്കിസ്ഥാന് രൂപീകരിച്ചിട്ടുണ്ട്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത് പാക്കിസ്ഥാനാണെന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചതും ഇമ്രാന് ഖാന് തിരിച്ചടിയായി. തങ്ങളുമായി ബന്ധമില്ലാത്ത, തദ്ദേശീയ സംഘടനകളായി വ്യാഖ്യാനിക്കുന്നതിനാണ് പാക്കിസ്ഥാന് പുതിയ സംഘങ്ങളെ സൃഷ്ടിച്ചത്.
നിയന്ത്രണരേഖയില്‍ ചൈനയും പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്നാണ് ചൈനീസ് കടന്നുകയറ്റം. ഇന്ത്യയുടെ പട്രോളിങ്ങിനെ കമ്യൂണിസ്റ്റ് രാജ്യം നിരന്തരം തടസ്സപ്പെടുത്തുകയാണ്. പാന്ഗോങ് തടാകത്തിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ക്ക് പരിക്കേറ്റു. ഗാല്‍വന്‍ താഴ്വരയില് സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചു. ഇവിടെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്. 2014ന് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ വേഗത വരുത്തിയിട്ടുണ്ട്. സൈനിക സംവിധാനങ്ങള്‍ക്ക് ഏത് സമയത്തും ഉടനടി എത്താനാവുന്ന തരത്തില്‍ പാലങ്ങളും റോഡുകളും അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. ഇത്തരം സൗകര്യങ്ങളില്ലാത്തത് 1962ലെ ചൈനാ യുദ്ധത്തിലെ പരാജയത്തിന് പ്രധാന കാരണമായിരുന്നു.
നേപ്പാളിനെ മുന്‍നിര്‍ത്തിയും ഇന്ത്യക്കെതിരെ ചൈന നിഴല്‍യുദ്ധം നടത്തുകയാണ്. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി കെ.പി. ഒലി ഇന്ത്യക്കെതിരെ പ്രസ്താവന നടത്തുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത, ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസിനെ ചൈനയിലെ കൈലാസ് മാനസരോവറുമായി ബന്ധിപ്പിക്കുന്ന 75.54 കിലോമീറ്റര്‍ റോഡ് തങ്ങളുടെ പ്രദേശത്താണെന്നാണ് നേപ്പാളിന്റെ അവകാശവാദം. ബ്രിട്ടീഷുകാരുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് നേപ്പാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യ- ചൈന യുദ്ധം മുതല്‍ ഇന്ത്യ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കശ്മീര്‍ വിഷയം സങ്കീര്‍ണ്ണമാക്കിയത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. നേപ്പാളുമായുള്ള പ്രശ്നത്തിന് പിന്നിലും രാഷ്ട്രീയ നേതൃത്വത്തിന്റെ ചരിത്രപരമായ മണ്ടത്തരമുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ഐ.കെ. ഗുജ്റാളിനെയാണ് ചരിത്രകാരന്മാര് ഇതില്‍ പ്രതിസ്ഥാനത്തുനിര്‍ത്തുന്നത്. എച്ച്.ഡി.ദേവഗൗഡയുടെ കീഴില്‍ വിദേശകാര്യ മന്ത്രിയായിരിക്കെ അദ്ദേഹം മുന്നോട്ടുവച്ച ‘ഗുജ്റാള്‍ സിദ്ധാന്തം’ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതും അയല്‍രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതുമായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ നേപ്പാള്‍ അവകാശവാദം ശക്തമാക്കുന്നതിന് അയഞ്ഞ നയതന്ത്ര നിലപാടുകള്‍ കാരണമായി. 1997ല്‍ പ്രധാനമന്ത്രിയായിരിക്കെ ഗുജ്റാള്‍ നേപ്പാള്‍ സന്ദര്‍ശിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചയില്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി ബാംദേവ് ഗൗതം കലാപാനിയില്‍ അവകാശവാദം ഉന്നയിച്ചു. അടിസ്ഥാനമില്ലാത്ത അവകാശവാദത്തെ എതിര്‍ക്കുന്നതിന് പകരം പ്രദേശം തര്‍ക്കസ്ഥലമാണെന്ന് അംഗീകരിക്കുകയാണ് ഗുജ്റാള്‍ ചെയ്തത്. രണ്ട് രാജ്യങ്ങളുടെയും സര്‍വ്വെയര്‍ ജനറല്‍മാര്‍ നേതൃത്വം നല്കുന്ന സമിതി വിഷയം പരിശോധിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നേപ്പാളുമായുള്ള ബന്ധത്തിലെ ഏറ്റവും വലിയ അബദ്ധമായി ഇത് മാറിയത് ചരിത്രം. നേപ്പാളും പാക്കിസ്ഥാനും ഇന്ത്യക്കെതിരായ ചൈനയുടെ ആയുധങ്ങളാണ്. കോവിഡ് പടര്‍ത്തിയത് ചൈനയാണെന്ന് അന്താരാഷ്ട്ര സമൂഹം വിശ്വസിക്കുന്നു. യുഎസ്സിന്റെ നേതൃത്വത്തില്‍ ചൈനക്കെതിരായ പ്രത്യക്ഷ യുദ്ധത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ചൈനയെ കയ്യൊഴിഞ്ഞ് നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുത്തിട്ടുണ്ട്. ചൈനയുടെ ഇപ്പോഴത്തെ പ്രകോപനവുമായി കൂട്ടിവായിക്കേണ്ടതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: