കറാച്ചി: 97 പേരുടെ മരണത്തിന് ഇടയായ പാക്കിസ്ഥാനിലെ വിമാന അപകടത്തിന് പിന്നിലെ കൂടുതല്‍ കാരണങ്ങള്‍ പുറത്ത്. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പത്തുവര്‍ഷത്തോളം ചൈന ഉപയോഗിച്ചു പഴകിയ വിമാനമാണ് പാക്കിസ്ഥാന് വിറ്റത്. ഇതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ-320 ആണ് ഇന്നലെ കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്നുവീണത്.
ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ പ്രകാരം എയര്‍ബസ് എ-320 പത്തുവര്‍ഷക്കാലം ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചു പോരുന്നതാണ്. 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു ഈ വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനു ശേഷമാണ് പാക്കിസ്ഥാന് അന്താരാഷ്ട്ര സര്‍വീസിനു വിറ്റത്. രേഖകള്‍ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിത വിദഗ്ധര്‍ പരിശോധിച്ചത്. ഏപ്രില്‍ 28ന് പാക് എയര്‍ലൈസിന്റെ ചീഫ് എന്‍ജിനീയര്‍ വിമാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങള്‍ മികച്ചതാണെന്നും കാട്ടി പ്രത്യേക സര്‍ട്ടിഫിക്കെറ്റും നല്കി.
കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പു വിമാനം തകര്‍ന്നു വീണത് എന്ജിന് തകരാര്‍ മൂലമെന്നാണ് പൈലറ്റിന്റെ അവസാന സന്ദേശം നല്കുന്ന സൂചന. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്ര വിമാനം ഇടിച്ചിറങ്ങിയത്. വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച ഉടന്‍ ഉഗ്ര സ്ഫോടനം ഉണ്ടായി. സെക്കന്റുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ വീടിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ജീവനക്കാരടക്കം 99 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് നിന്നും 60 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വീടുകള്‍ക്ക് മുകളില്‍ വിമാനം തകര്‍ന്നു വീണതിനാല്‍ മൃതദേഹങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരുടേതാണോ പ്രദേശവാസികളുടേതാണോയെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: