Categories: Kozhikode

ബ്ലാക്ക്മാന്റെ വിളയാട്ടങ്ങള്‍ വ്യാപകം; പോലീസ് പിന്‍വാങ്ങിയതോടെ ക്രമസമാധാനപാലനം ഏറ്റെടുത്ത് ‘ജനകീയ’സംഘങ്ങള്‍’

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ നരിക്കുനിക്കടുത്ത് മാധ്യമ പ്രവര്‍ത്തകനെ രാത്രി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരം സംഘങ്ങളായിരുന്നു. പോലീസിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ രാത്രി യാത്രക്കാരെ തടയുന്നതെന്നായിരുന്നു അവരുടെ വിശദീകരണം.

Published by

കോഴിക്കോട്: കള്ളന്മാരെയും ബ്ലാക്ക്മാന്റെ വിളയാട്ടങ്ങളേയും നിയന്ത്രിക്കാനുള്ള അധികാരം പോലീസ്  നാട്ടുകാരെ ഏല്‍പ്പിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോഷണ ശ്രമങ്ങളും ‘ബ്ലാക്ക്മാന്റെ’ വിളയാട്ടങ്ങളും വ്യാപകമാകുന്നതിനിടയിലാണ് രാത്രി കാവലിനും റോന്തുചുറ്റാനും നാട്ടുകാര്‍ തയ്യാറാകുന്നത്. 

പോലീസിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ പ്രാദേശിക ക്രമസമാധാനം ഏറ്റെടുക്കുന്നുവെന്നാണ് വാദം. എന്നാല്‍ ഇതോടെ പ്രാദേശികമായി സംഘര്‍ഷങ്ങളും കയ്യേറ്റങ്ങളും ഉണ്ടാകുന്നു.  

ഇക്കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ നരിക്കുനിക്കടുത്ത് മാധ്യമ പ്രവര്‍ത്തകനെ രാത്രി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരം  സംഘങ്ങളായിരുന്നു. പോലീസിന്റെ അനുവാദത്തോടെയാണ് തങ്ങള്‍ രാത്രി യാത്രക്കാരെ തടയുന്നതെന്നായിരുന്നു അവരുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകനെ തടഞ്ഞുവെച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വേണുഗോപാല്‍ രാത്രി ഇറങ്ങി നടക്കാന്‍ അനുവാദമിെല്ലന്നായിരുന്നു മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടറായ സി.പി. ബിനീഷിനോട് പറഞ്ഞത്.

ആരായാലും ശരി രാത്രി പുറത്തിറങ്ങി നടക്കരുതെന്നായിരുന്നു നേതാക്കളുടെ ഭീഷണി. മാധ്യമ പ്രവര്‍ത്തനമടക്കം അവശ്യ സര്‍വ്വീസുകള്‍ക്ക് കോവിഡ് ചട്ടങ്ങളില്‍ ഇളവുണ്ടെങ്കിലും ഇതൊന്നും ആള്‍ക്കൂട്ടം അംഗീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കിന് കേടുപാടും വരുത്തി. പോലീസ് കേസെടുത്തെങ്കിലും സിപിഎം നേതാവ് പഞ്ചായത്ത് ആര്‍ആര്‍ടി ചെയര്‍മാനുമായ വേണുഗോപാലിനെ ഒഴിവാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

കോവിഡ് ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുകയും ചെയ്തു.  ബേപ്പൂര്‍, ഫറോക്ക്, മാവൂര്‍ മേഖലകളില്‍ കഴിഞ്ഞ മാസം ബ്ലാക്ക്മാന്‍ വിളയാടിയപ്പോള്‍ നാട്ടുകാര്‍ സംഘടിതമായി രംഗത്തെത്തിയിരുന്നു.

പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സാമൂഹ്യ വിരുദ്ധരെ നിലക്കുനിര്‍ത്തുന്നതിന് പകരം ക്രമസമാധാനത്തിന്റെ ചുമതല നാട്ടുകാരെ ഏല്‍പ്പിക്കുകയാണ്.  പോലീസ് രാത്രി പെട്രോളിംഗ് ശക്തമാക്കുകയും സാമൂഹ്യവിരുദ്ധരുടെ രാത്രി കാല വിളയാട്ടങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ നടപടിഎടുക്കുകയും ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് അക്രമങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും എത്തിക്കുന്നത്. സിപിഎം നേതാക്കളടക്കമുള്ളവര്‍ കയ്യേറ്റത്തിന് നേതൃത്വം നല്‍കുകയും അവര്‍ പോലീസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by