കണ്ണൂർ: ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 17ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 34കാരിയും നാലു വയസ്സുകാരിയും, 19ന് കുവൈത്തില്‍ നിന്നുള്ള ഐഎക്‌സ് 790 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 23കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 45കാരന്‍, ചൊവ്വ സ്വദേശി 44കാരന്‍, അതേദിവസം ഖത്തറില്‍ നിന്നുള്ള ഐഎക്‌സ് 774 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 61കാരന്‍ എന്നിവരാണ് വിദേശത്തുനിന്നുള്ളവര്‍.
മേക്കുന്ന് സ്വദേശികളായ 48കാരി, 29കാരി, രണ്ടു വയസ്സുകാരന്‍ എന്നിവര്‍ മെയ് ഒന്‍പതിനും ചെമ്പിലോട് സ്വദേശി 18കാരിയും ചെറുവാഞ്ചേരി സ്വദേശി 50കാരനും മെയ് 10നുമാണ് മുംബൈയില്‍ നിന്നെത്തിയത്. അയ്യന്‍ കുന്ന് സ്വദേശി 24കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മെയ് 20നാണ് 12 പേരും സ്രവ പരിശോധനയ്‌ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 150 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 9897 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 34 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 9790 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5314 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചതില്‍ 5133 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4869 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 181 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: