കൊച്ചി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെറോ സര്‍വേക്ക് ജില്ലയില്‍ തുടക്കമായി. രാജ്യമൊട്ടാകെ 69 ജില്ലകളില്‍ ആണ് സര്‍വ്വേ. ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ. വിമിത് സി. വില്‍സണ്‍, ഡോ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐസിഎംആറില്‍ നിന്നുള്ള ഇരുപത് അംഗ സംഘവും ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്നിഷ്യന്മാരും പത്ത് ആശ പ്രവര്‍ത്തകരും ചേര്‍ന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടത്തുന്നത്.
പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വ്വേക്കായി തിരഞ്ഞെടുത്തത്. ഓരോ പോയിന്റുകളില്‍ നിന്ന് നാല്പത് സാമ്പിളുകള്‍ വീതം ജില്ലയില്‍ നിന്നാകെ 400 സാമ്പിളുകള്‍ ആയിരിക്കും ഐസിഎംആര്‍ ശേഖരിക്കുന്നത്.
ജില്ലയിലെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഐസിഎംആറും പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകള്‍.
ചെന്നൈ ഐസിഎംആര്‍-എന്‍ഐആര്‍ടി ഇന്റര്‍മീഡിയേറ്റ് റഫറന്‍സ് ലബോറട്ടറിയിലായിരിക്കും കേരളത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിക്കുന്നത്.
പ്രോഗ്രാമിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ (സ്റ്റേറ്റ് ടി.ബി ഓഫീസര്‍), ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ്മാരായ ഡോ. ഷിബു ബാലകൃഷ്ണന്, ഡോ. പ്രതാപചന്ദ്രന്, ഡോ. പി.എസ്. രാകേഷ്, ഡോ. ശ്രീനാഥ്, ഡോ. അനുപമ എന്നിവരാണ് സെറോ സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. രാജ്യമൊട്ടാകെ 24,000 പേരുടെ സാമ്പിളുകളാണ് സര്‍വ്വേയുടെ ഭാഗമായി ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: