വാഷിങ്ടണ്‍: അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കായുള്ള ടാല്‍ക് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന ജോണ്സണ് ആന്‍ഡ് ജോണ്സണ് നിര്‍ത്തുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ഉത്പന്നങ്ങളുടെ ഗുണനിലവാരം പുനര്‍വിചിന്തനം നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം.
അമേരിക്കയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസ് രംഗത്ത് 0.5 ശതമാനത്തോളം വരുന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അറിച്ചത്. നിലവില്‍ സ്റ്റോക്കുള്ള കടകള്‍ക്ക് വില്‍പ്പന നടത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
16,000ത്തിലധികം കേസുകളാണ് കമ്പനിക്കെതിരെ യുഎസില്‍ തന്നെയുള്ളത്. പൗഡര്‍ കാന്‍സറിന് കാണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. ഇത്തരത്തില്‍ നിരവധി കേസുകള്‍ ന്യൂജഴ്സിയിലെ ജില്ലാ കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടപ്പുണ്ട്. പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കമ്പനി വാദിക്കുന്നത്. മാത്രമല്ല ദശാബ്ദങ്ങളുടെ പഠനമാണ് ഇതില്‍ നടത്തിയതെന്നും അവര്‍ അറിയിച്ചു.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നടത്തിയ പരിശോധനയില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഉപഭോക്താക്കളുടെ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നതോടെ വടക്കന്‍ അമേരിക്കയില്‍ പൗഡറിന്റെ ചെലവ് കുറഞ്ഞു. പൗഡറിന്റെ സുരക്ഷയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും ഇതിന് കാരണമായി. അതുകൊണ്ടാണ് വില്‍പ്പന നിര്‍ത്തുന്നത്, കമ്പനി അറയിച്ചു. പൗഡറില്‍ ആസ്ബസ്റ്റോസ് സാന്നിധ്യമുള്ളതായി നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. പല പരിശോധനകളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, പൗഡര്‍ സുരക്ഷിതമെന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. ടാല്‍ക് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന നിര്‍ത്തിയാലും വടക്കേ അമേരിക്കയില്‍ കോണ്‍സ്റ്റാര്‍ച്ച് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന തുടരുമെന്ന് കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: