ബാലുശ്ശേരി (കോഴിക്കോട്): മുതിര്‍ന്ന ബിജെപി നേതാവും ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പനങ്ങാട് കണ്ണാടിപ്പൊയില്‍ ചങ്ങരോത്ത് കുന്നുമ്മല്‍ സി.കെ. ബാലകൃഷണന് (65) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ മൂന്ന് മണിയോടെ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍. കുളികഴിഞ്ഞ് വീട്ടിലെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ അദ്ദേഹം പഴശ്ശിരാജ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വികസന കാര്യസമിതി ചെയര്‍മാനായിരുന്നു.
പരേതനായ കുട്ടിരാമന് നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ച സി.കെ. ബാലകൃഷ്ണന് പനങ്ങാട് നോര്‍ത്ത് എയുപി സ്കൂള്‍. നന്മണ്ട ഹൈസ്കൂള്‍, ബാലുശ്ശേരി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1964 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി. ഭാരതീയ ജനസംഘത്തിലൂടെ ജനതാ പാര്‍ട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയായാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചത്. 1980ല്‍ ബിജെപിയുടെ പ്രവര്‍ത്തന രംഗത്ത് എത്തി. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ചു.
ഭാര്യ: പങ്കജ, മക്കള്‍: ധനേഷ് (എല്‍ആന്‍ഡ്ടി മൈക്രോ ഫൈനാന്‍സ് മാനേജര്‍, താമരശ്ശേരി), ധന്യ. മരുമകന്: രഞ്ജിത്ത് (ആര്‍മി). സഹോദരങ്ങള്‍: പത്മനാഭന്, വിശ്വനാഥന്, സുകുമാരന്‍, ശശികുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: