പെരുങ്കടവിള: കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എന്ന പേരിലും കോവിഡ് 19 സ്കോളര്‍ഷിപ്പ് എന്ന പേരിലും പാറശ്ശാലയിലും താലൂക്കിലെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതായി പരാതി.നൂറു കണക്കിന് പേരാണ് അതിര്‍ത്തിപ്രദേശത്തെ ചില സെന്ററുകളില്‍ എത്തുന്നത്.
അക്ഷയ സെന്ററുകളിലെ ജീവനക്കാര്‍ പോലും ഉത്തരേന്ത്യയില്‍ നിന്നുള്ള സ്വകാര്യ വെബ്സൈറ്റിലാണ് രജിസ്ട്രേഷന് നടത്തിയതെന്നത് അമ്പരപ്പിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ ഒരാഴ്ചയായി രണ്ടാം ക്ലാസ്സുമുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ബിരുദവിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്ക്കാര്സ്കോളര്ഷിപ്പ് ലഭ്യമാണെന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്വകാര്യ വെബ്സൈറ്റിന്റെ ലിങ്ക് ഉള്‍പ്പെടെയാണ് ഇവ ഷെയര്‍ ചെയ്യപ്പെട്ടത്. ഇതു കണ്ട പലരും കൂട്ടത്തോടെ രജിസ്ട്രേഷന് എത്തുകയായിരുന്നു. ചില അക്ഷയ സെന്ററുകളിലും കമ്പ്യൂട്ടര്‍ സെന്ററുകളിലും 150 രൂപ മുതല്‍ ഫീസ് ഈടാക്കിയാണ് രജിസ്ട്രേഷനെന്ന പേരില്‍ പണപ്പിരിവ് നടത്തുന്നത്.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആധാര്‍, ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് ആശങ്കയുളവാക്കുന്നു. വെബ്സൈറ്റിന്റെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ച് അപേക്ഷകര്‍ തട്ടിപ്പിരയാകാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാറശ്ശാല മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: