ആയുര്‍വേദം എന്നാല്‍ ഇന്നിന്റെ മാത്രം ശാസ്ത്രമല്ല നാളെയുടെയും കൂടിയാണ്. ഭൂത, വര്‍ത്തമാനം, ഭാവി ഉള്‍ക്കൊള്ളുന്ന ശാസ്ത്രം.
കൊറോണാ രോഗബാധയ്ക്ക് ഇനിയും മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിരോധംതന്നെ പ്രതിവിധിയെന്ന മട്ടിലേക്കാണ് ഈ രോഗത്തിനെതിരേ ലോകഗതി. പ്രതിരോധം ജീവിത രീതിയിലൂടെ, ഭക്ഷണക്രമത്തിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെസാധ്യമാക്കാമെന്ന് പണ്ടുപണ്ടേ രേഖപ്പെടുത്തിവെച്ചിരിക്കുന്നു ആയുര്‍വേദം. കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ടെലിഫോണില്‍ ആരോഗ്യ വിഷയത്തില്‍ ഒരുകൂട്ടം ഡോക്ടര്‍മാരുമായി സംവിദിച്ചു. ‘ജന്മഭൂമി’യാണ് അതിനുള്ള അവസരം ഒരുക്കിയത്. അന്വേഷിച്ചതിലധികവും ആയുര്‍വേദത്തിലെ പ്രതിരോധ ചികിത്സയെക്കുറിച്ചായിരുന്നു. ഇപ്പോള്‍ കാലവര്‍ഷവും അടുത്തെത്തിയതോടെ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ചില ആയുര്‍വേദ വിധികള്‍ പരിശോധിക്കാം.
ആയുസ്സിന്റെ പ്രതിപാദ്യം
ആയുഷോ വേദഃ ആയുര്‍വേദഃ (ആയുസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാരതീയമായ ചികിത്സാ ശാഖയാണ് ആയുര്‍വേദം). ആയുര്‍വേദത്തിന് പ്രധാനമായും രണ്ട് ശാഖകള്‍.
ആദ്യത്തേത് സ്വസ്ഥവൃത്തം. ആരോഗ്യവാനായ വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കല്‍. ആതുരവൃത്തമാണ് രണ്ടാമത്തേത്. ഒരു രോഗിയുടെ രോഗം ചികിത്സിച്ച് മാറ്റല്‍. ബ്രഹ്മാവില്‍നിന്ന് ദക്ഷപ്രജാപതിയിലേക്കും, അവിടെനിന്നും അശ്വിനികുമാരന്മാര്‍ മുതലായ ശിഷ്യഗണങ്ങളിലേക്കും പകര്‍ന്നുകിട്ടിയ ആയുര്‍വേദത്തിന്റെ പഴക്കം കൃത്യമായി നിര്‍ണയിക്കാവതല്ല. രോഗത്തേയും രോഗികളേയും ചികിത്സയേയും കുറിച്ച് അറിവ് തരുന്ന സുശ്രുത സംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, മാധവനിദാനം, ശാര്‍ങ്ഗധര സംഹിത, ഭാവപ്രകാശം എന്നിങ്ങനെയുള്ള അനവധി ഗ്രന്ഥങ്ങളും ആയുര്‍വേദത്തിലുണ്ട്.
ആയുര്‍വേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തത്തിലാണ്. വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ആരോഗ്യമെന്നും അസന്തുലിതാവസ്ഥ രോഗമാണെന്നുമുള്ള വീക്ഷണം.
രോഗകാരണങ്ങള്‍ അറിയുക
പഞ്ചഭൂത നിര്‍മിതമായ ശരീരത്തില്‍ ഉണ്ടാകുന്ന രോഗത്തെ പഞ്ചഭൂത നിര്‍മിതമായ മരുന്നുകള്‍ കൊണ്ട് മാറ്റുക. കാലാവസ്ഥയിലും ജീവിതചര്യകളിലുമുള്ള മാറ്റങ്ങള്‍ ചിക്കുന്‍ഗുനിയ, ഡങ്കി, നിപ്പ തുടങ്ങിയ അനവധി പുതിയ രോഗങ്ങളും ഇപ്പോള്‍ കൊറോണയും അടക്കം ഓരോരോ കാലത്ത് പലവിധം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഇവ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഈ സമയത്ത് വാഗ്ഭടാചാര്യന്‍ അഷ്ടാംഗഹൃദയത്തില്‍ പറഞ്ഞ ഈ വരികള്‍ക്ക് പ്രസക്തി ഏറുകയാണ്:
വികാരനാമാ കുശലോ ന ഹി ജിഹ്രിയാത് കദാചന
നഹി സര്‍വ്വ വികാരാണാം നാമോസ്തി ധ്രുവാസ്ഥിതിഃ
എല്ലാ അസുഖങ്ങളുടെയും പേര് അറിഞ്ഞുകൊണ്ട് ചികിത്സ നല്‍കണം എന്നില്ല. രോഗങ്ങള്‍ക്ക് കാരണമായ ദോഷങ്ങളെ മനസ്സിലാക്കി അവയ്‌ക്കുള്ള ചികിത്സ നല്‍കേണ്ടതാണ്. ഇതുതന്നെയാണ് ഒരു രോഗിയെ ചികിത്‌സിക്കണമെങ്കില്‍ രോഗിയുടെ ശരീരപ്രകൃതിയും രോഗത്തിനു കാരണമായ ദോഷവും മനസ്സിലാക്കി അവയെ വേരോടെ പിഴുതുകളയാനുള്ള ചികിത്സ കൊടുക്കണമെന്നും പറയുന്നത്. ചരകസംഹിതയില്‍ ജനപദോധ്വസനീയം എന്ന അധ്യായത്തില്‍ ഗുരുവായ ആത്രേയനും ശിഷ്യനായ അഗ്നിവേശനും പാഞ്ചാലരാജ്യത്ത്, കാസില്ല്യ രാജധാനിയില്‍ ഗംഗാതടത്തിലൂടെ നടന്നുകൊണ്ടു പറയുന്ന ചില കാര്യങ്ങളുണ്ട്.
ആപത്തിന്റെ ദിശാസൂചിക
സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, വായു എന്നിവയുടെ ചലനത്തില്‍ എന്തോ പന്തികേടുണ്ട്. മിക്കവാറും കാലാവസ്ഥയ്‌ക്ക് പോലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല ഔഷധങ്ങള്‍ക്കും നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. വെള്ളം, വായു, ദേശം, കാലം എന്നിവ ഒരുപോലെ ദുഷിക്കുന്നതുകൊണ്ട് എല്ലാ ജീവജാലങ്ങള്‍ക്കുമൊപ്പം സസ്യങ്ങളും നശിക്കുന്നു. ഇതേതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് കോവിഡ് 19 വ്യാപനത്തിലും കാണാനാവുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ജനപതോധ്വംസനീയത്തില്‍ ആചാര്യന്‍ നന്നായി വിവരിച്ചിട്ടുണ്ട്.
പ്രസംഗാത് ഗാത്രസംസ്പാര്‍ശാത്
നിശ്വാസാത് സഹഭോജനാത്
സഹശയ്യാസനാച്ചാപി,
വസ്ത്രമാല്ല്യാനുലേപനാത്
കുഷ്ഠം ജ്വരശ്ച ശോഷശ്ച
നേത്രാഭിഷ്യന്ത ഏവ ച
ഔപസര്‍ഗ്ഗിക രോഗാശ്ച
സംക്രമന്തി നരാന്‍ ഹരം
അടുത്ത് ഇടപഴകുന്നതുകൊണ്ട്, ശാരീരികബന്ധംകൊണ്ട്, മറ്റൊരാളുടെ ശ്വാസമേല്‍ക്കുന്നതുകൊണ്ട്, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുകൊണ്ട്, ഒരുമിച്ച് ഉറങ്ങുന്നതുകൊണ്ട്, ഒരാളുടെ വസ്ത്രം മുതലായവ ഉപയോഗിക്കുന്നതുകൊണ്ട്, ത്വക്‌രോഗങ്ങള്‍, പനി, ശോഷം, കണ്ണില്‍ക്കേട് തുടങ്ങിയ ഔപസര്‍ഗ്ഗിക രോഗങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ചരകാചാര്യന്‍ വിവരിക്കുന്നുണ്ട്. ഇതൊന്നു ശ്രദ്ധിച്ച് വായിച്ചുനോക്കിയാല്‍ സാമൂഹ്യ അകലത്തെക്കുറിച്ചാണ് പറയുന്നതെന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാകും.
കരുതലാവാം; പ്രതിരോധിക്കാം
സുശ്രുതസംഹിതയില്‍ സുശ്രുതാചാര്യന്‍ ദുഷിച്ച മാംസത്തെക്കുറിച്ച് പറയുന്നുണ്ട്. ചീത്തയായതും കൃത്യമായി പാകം ചെയ്യാത്തതുമായ മാംസം കഴിച്ചാല്‍ ചുമ, ശ്വാസംമുട്ട്, ജലദോഷം എന്നിവയുടെ ഒപ്പം മരണംകൂടെയുണ്ടാകും. (സുശ്രുതസംഹിത സൂത്രസ്ഥാനം അധ്യായം 46,ശ്ലോകം 126)
ഇങ്ങനെ കോവിഡ് 19 ന് സമാനമെന്ന് പറയാവുന്ന പല സാഹചര്യങ്ങളെക്കുറിച്ചും, കരുതല്‍പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ആയുര്‍വേദശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. പുതിയതരം അസുഖങ്ങള്‍ വന്നാല്‍ ആ അസുഖത്തിന്റെ ദോഷങ്ങളുടെ വര്‍ധനവിനേയും, രോഗിയുടെ ശരീരപ്രകൃതിയേയും, താമസിക്കുന്ന സ്ഥലത്തേയും കണക്കിലെടുത്ത് യുക്തമായ മരുന്നുകള്‍കൊണ്ട് ചികിത്സ നടത്തണമെന്നും നമ്മുടെ ആചാര്യന്മാര്‍ വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക