കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് ചികിത്സ ആവശ്യമായി വന്നാല്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ സജ്ജം. ആകെ 13,000 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട്. ഇതില്‍ 7,636 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ട്. കളക്ടറേറ്റില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്. 1,269 ഐസിയുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതില്‍ 672 ഐസിയുകളും 284 വെന്റിലേറ്ററുകളും നിലവില്‍ ലഭ്യമാണ്.
നിരീക്ഷണത്തില്‍ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തിയാല്‍ അവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ഫലം പോസിറ്റീവായാല്‍ ഐസൊലേഷന്‍ റൂമുകളില്‍ ചികിത്സ ഉറപ്പാക്കണം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നിലവില്‍ ദിവസേന 150 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും. സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി കൊറോണ കെയര്‍ സെന്ററുകളില്‍ നിന്ന് ശരാശരി 30 പേരുടെയും മറ്റുള്ളവരില്‍ നിന്ന് 20 പേരുടെയും സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്.
കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ മാധവിക്കുട്ടി, എസ്പി കെ. കാര്‍ത്തിക്, ഡിസിപി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്, ദേശീയ കുടുംബാരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശികമായും ക്വാറന്റെന് സൗകര്യം
കൊച്ചി: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളും യാത്രാ സൗകര്യവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുമ്പോള്‍ പ്രാദേശിക തലത്തില്‍ ക്വാറന്റെന് സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.
ഇതിനായി നിലവില്‍ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കണ്ടെത്തിയിരിക്കുന്ന ഒഴിഞ്ഞ വീടുകളെ ക്വാറന്റെന് സൗകര്യത്തിനായി ഒരുക്കണം. പഞ്ചായത്ത്, വാര്‍ഡ് തലത്തിലുള്ള ജാഗ്രതാ സമിതികള്‍ക്കാണ് ഇതിന്റെ ചുമതല.
എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇക്കാര്യം ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കും. വിവിധ കാരണങ്ങളാല്‍ സ്വന്തം വീടുകളില്‍ ക്വാറന്ന്റെയിനില് കഴിയാന്‍ സാധിക്കാത്തവര്‍ക്കാണ് അവരുടെ പ്രദേശങ്ങളില്‍ ഒഴിഞ്ഞ വീടുകളില്‍ സൗകര്യം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: