ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ കോവിഡ്- 19 ഉയര്‍ത്തിയ ഹ്രസ്വകാല വെല്ലുവിളികളെ നേരിടുന്നതിനും ബിസിനസുകള്‍ക്കും സംരംഭങ്ങള്‍ക്കും ഇടക്കാല പിന്തുണ നല്‍കുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ്. ഇതു ലോക്ഡൗണിനുശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് പ്രേരകമായി പ്രവര്‍ത്തിക്കും.
അടിയന്തര ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. നികുതിയിളവുകള്‍ വഴിയും ഇപിഎഫ് വഴിയും കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്തിക്കും. നികുതി തിയതി നീട്ടി നല്‍കിയും കോവിഡ്- 19 സംബന്ധിച്ച കടങ്ങളെ ഐബിസി നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കിയും വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും അടിയന്തര ആശ്വാസം നല്കി.
കാലഹരണപ്പെട്ട പല നിയമങ്ങളില്‍ നിന്നും മുക്തി നല്‍കുക വഴി കാര്‍ഷിക മേഖലയില്‍ ശക്തമായ പരിഷ്കാരവും പദ്ധതികളും ധനമന്ത്രി നടപ്പാക്കി. ശരിയായ വില ലഭിക്കുന്നതിനു തടസ്സമായി നില്ക്കുന്ന അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു ബന്ധപ്പെട്ട മേഖലകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഇതും കാര്‍ഷിക വിപണന പരിഷ്കാരവും കാര്‍ഷിക അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തലും, ഒരു ലക്ഷം കോടി രൂപ മാറ്റിവെച്ചു നടപ്പാക്കുന്നതു കാര്ഷികോല്പാദനം വര്‍ധിക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍ വില ലഭിക്കാനും സഹായമാകും.
ഖനന മേഖലയില്‍ വന്‍ നിക്ഷേപങ്ങളില്ല. വാണിജ്യാടിസ്ഥാനത്തില്‍ കല്‍ക്കരി ഖനനം നടത്തണമെന്നും വിപരീത വ്യവസ്ഥകളില്‍ കുടുങ്ങിയ ഖനന നയം പരിഷ്കരിക്കേണ്ടത് ഖനന, ലോഹ മേഖലകളുടെ മികവിനും നിലനില്‍പ്പിനും അനിവാര്യമാണെന്നും സിഐഐ അഭ്യര്‍ഥിച്ചുവരികയായിരുന്നു. കല്‍ക്കരി വാതകമാക്കുന്നതിന് ഇളവുകള്‍ അനുവദിക്കുന്നത് ഇന്ത്യയുടെ ആഗോള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി നിലവിലുള്ള കല്‍ക്കരി വിഭവം ഉപയോഗപ്പെടുത്തുന്നതിനുള്ള ശരിയായ ചുവടാണ്. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ഖനന കമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും സഹായകമാകും.
വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പടുത്തുന്നതും നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നതും നിക്ഷേപകര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏറ്റവും മികച്ച സംവിധാനങ്ങള്‍ എവിടെയാണ് ഉള്ളത് എന്നറിയേണ്ടത് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകരെ സംബന്ധിച്ചു പ്രധാനമാണ്. അത്തരത്തിലുള്ള മാര്‍ഗദര്‍ശനത്തിനു വ്യാവസായിക എസ്റ്റേറ്റുകള്‍ക്കും പാര്‍ക്കുകള്‍ക്കും ലഭ്യമായ, നിക്ഷേപം നടത്താവുന്ന ഭൂമി സംബന്ധിച്ച പോര്‍ട്ടല്‍ ഉപയോഗ പ്രദമായിരിക്കും.
ലോക്ഡൗണ്‍ നിമിത്തം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമ്മര്‍ദം നേരിടുന്ന സാഹചര്യത്തില്‍ ഈ മേഖലയ്ക്കായി പല നടപടികളും ഉത്തേജക പാക്കേജിലുണ്ട്. 100 ശതമാനം സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ, ഈടില്ലാതെ മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കാനുള്ള തീരുമാനം ശ്രദ്ധേയമായ നടപടിയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പുനര്‍നിര്‍വചിക്കുന്നതിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള വിറ്റുവരവു പരിധി പുനഃപരിശോധിക്കേണ്ടതുണ്ട്. ശുപാര്‍ശ ചെയ്യപ്പെട്ട പരിധി വളരെ താഴ്ന്നതാണെന്നതിനാല്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കു പര്യാപ്തമാകില്ല എന്നതിനാലാണ് ഇത്തരമൊരു ആവശ്യം. സമ്പദ് വ്യവസ്ഥ ക്രമേണ തിരിച്ചുപിടിക്കുന്നതിന് ഉതകുന്നതാണു പാക്കേജെന്ന ആത്മവിശ്വാസം വ്യവസായ മേഖലയ്ക്ക് ഉണ്ട്.
ഘടനാപരമായ പരിഷ്കാരങ്ങള്‍ പലതും നടപ്പാക്കണമെന്നതു കുറച്ചുകാലമായി വ്യവസായ മേഖല ആവശ്യപ്പെട്ടുവരികയാണ്. ഇതു സമയബന്ധിതമായി നടപ്പാക്കപ്പെടുന്ന പക്ഷം സമ്പദ് വ്യവസ്ഥയുടെ മത്സരക്ഷമതയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തും. ബന്ധപ്പെട്ട ഓരോ മേഖലയിലും പ്രകടമായ പുരോഗതി സാധ്യമാവുകയും ചെയ്യും. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്താതെയാണ് ഇതു നടപ്പാക്കിയതെന്നതില്‍ കേന്ദ്രസര്‍ക്കാരും നയ രൂപീകരണം നടത്തിയവരും അഭിനന്ദനം അര്‍ഹിക്കുന്നു.
ചന്ദ്രജിത് ബാനര്‍ജി
സി.ഐ.ഐ. ഡയറക്ടര്‍ ജനറല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: