ചെന്നൈ: വീട്ടിലിരിക്കേണ്ടി വരുന്നത് പ്രത്യേക അവസ്ഥയാണ്. സാധാരണക്കാരുടെ അവധിക്കാലം പോലെയല്ല ഇത്. സങ്കടം കലര്‍ന്ന കാലമാണ് ഇത്. അറുപതാം ദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമപോലുള്ള മേഖലയില്‍ ഇത്രയും കാലം ഇങ്ങനെയൊക്കെ നിലനില്ക്കാന് സാധിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ ചാരിതാര്‍ത്ഥ്യമെന്നും മോഹന്‍ലാല്‍. ഇതൊരു അത്ഭുതലോകമാണ്. നിങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എല്ലാം തീര്‍ന്നു. ആളുകള്‍ക്ക് ആസ്വാദ്യകരമാവുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഒരു തിയേറ്ററില്‍ ഒരേ സമയം സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഏതൊക്കെ രുചി വൈവിധ്യമുള്ള മനുഷ്യരാണ്.
ഒരേ സമയം അവരെയെല്ലാം തൃപ്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളൊന്നുമില്ല. ഇത്രയും കാലം ഒരുപരിധിവരെ അതിന് സാധിച്ചു. അതുതന്നെ വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വേറെ കാര്യങ്ങളെക്കുറിച്ച് വളരെ പരിമിതമായ ധാരണകളേയുള്ളൂ. പൊതുജീവിതമില്ല. ഒരുപാട് നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് ഇത്രയും കാലം ജീവിച്ചുപോന്നത്. മാനസ്സികമായി ഈ ഏകാന്തതയോട് പൊരുത്തപ്പെട്ടുകഴിഞ്ഞു.
ഇനി മറ്റൊരു ജോലി എന്നത് അസാധ്യമാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ ഉള്ളടക്കത്തിലും രൂപത്തിലുമൊക്കെ മാറ്റങ്ങള്‍ വരാം. അത് തീര്‍ച്ചയായും ആസ്വദിക്കും. അതിനായി ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്രകളെന്നും താന്‍ താനായി ജീവിക്കുന്നത് ഇത്തരം യാത്രകളിലായിരിക്കും. ഒരു കഥാപാത്രവുമാകാതെ അങ്ങനെ, അലക്ഷ്യമായി, കുറെ സഞ്ചരിച്ചിട്ടുണ്ട്. ഇനിയുമെത്രയോ ദൂരം കാത്തിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യ. എനിക്ക് കണ്ടുതീര്‍ക്കാനുളളത് ഇന്ത്യയാണ്. എന്നെങ്കിലും സാധിക്കുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: