തിരുവനന്തപുരം: തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസിന് ഉടമയാണ് നടന് മോഹന്‍ലാലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയല്‍ ആര്‍മി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി സമ്മാനിച്ചത്. അതിനായി മോഹന്‍ലാല്‍ നടത്തിയ കഠിനാധ്വാനം രാജ്യസ്നേഹിയായ ഏതൊരു പൗരനും മാതൃകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ലാല്‍ നല്കിയ ഊര്‍ജം വിലപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം- മോഹന്‍ലാല്‍ എന്ന വിസ്മയത്തിന് ഇന്ന് അറുപതിന്റെ നിറവ്. പരിചയപ്പെട്ട എല്ലാവര്ക്കും വിസ്മയങ്ങളുടെ കലവറയായ പ്രിയ കലാകാരന്.മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഏറെയിഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇത്ര അനായാസമായി കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറുന്ന ജാലവിദ്യയറിയാവുന്ന മറ്റൊരു മനുഷ്യനുണ്ടോയെന്ന് ഓരോ സിനിമയിലും നമുക്ക് തോന്നിപ്പോകും.
എത്ര ലക്ഷണമൊത്ത നടനാണെങ്കിലും ഈ കൂടുമാറ്റം നടത്തുമ്പോള്‍ തന്റെ പൊതുവായ അഭിനയ ശൈലി അറിയാതെയാണെങ്കിലും എവിടെയെങ്കിലും കയറിക്കൂടും. പക്ഷേ മോഹന്‍ലാല്‍, നമ്മെ അവിടെയും ഞെട്ടിച്ചു. അതുകൊണ്ടുതന്നെ ലാല്‍ എന്ന താരത്തെക്കാള്‍ ലാല്‍ എന്ന നടന് ഒരു പകരക്കാരനില്ല.
ഇതിനെല്ലാമപ്പുറം മോഹന്‍ലാല്‍ എന്ന മനുഷ്യനെ അടുത്തും അകന്നും നിന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയല്‍ ആര്‍മി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി സമ്മാനിച്ചത്. അതിനായി മോഹന്‍ലാല്‍ നടത്തിയ കഠിനാധ്വാനം രാജ്യസ്നേഹിയായ ഏതൊരു പൗരനും മാതൃകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ലാല്‍ നല്കിയ ഊര്‍ജം വിലപ്പെട്ടതാണ്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരിലൊരാളാണ് ലാല്‍. ലാലിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, പൊരുതാനുളള മനസും ജീവിതത്തിലെ സുതാര്യതയുമാണ് ഹൃദയംകൊണ്ട് ഇരുവരേയും അടുപ്പിച്ചത്.ലാല്‍ എന്ന മനുഷ്യനെപ്പറ്റി അദ്ദേഹത്തെ അടുത്തറിഞ്ഞ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുളളവരുടെ വേദനകള്‍ കാണുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന സാധാരണക്കാരനാണ് അദ്ദേഹമെന്ന്. ആ സാന്ത്വനം എത്രയോ പേര്‍ക്ക് ജീവിതത്തിലേക്കുളള കച്ചിത്തുരുമ്പായെന്ന് പുറം ലോകം ഒരു പക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്. എത്രയോ പേര്‍ക്ക് ജീവിതത്തിലേക്കുളള വെളിച്ചമാകാന്‍ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്.
ലാല്‍ എന്ന നടന്, ലാല്‍ എന്ന മനുഷ്യന്, ലാല്‍ എന്ന രാജ്യസ്നേഹിക്ക് ഇങ്ങനെയൊക്കെയേ ആകാന്‍ കഴിയൂ… മലയാളികളെ രസിപ്പിച്ചും ചിന്തിപ്പിച്ചും ഇതേപോലെ തന്നെ ഞങ്ങളില്‍ ഒരാളായി തുടരുക.
പ്രിയ മോഹന്‍ലാലിന് എല്ലാവിധ ജന്മദിനാശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: