പത്തനംതിട്ട: മഴക്കാലമെത്തിയതും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾ ജനങ്ങൾ ആഘോഷമാക്കുന്നതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. കെഎസ്ആർടിസി ജില്ലയ്ക്കുള്ളിൽ സർവ്വീസുകൾ തുടങ്ങിയതോടെ ആളുകൾ കൂടുതലായി നഗരത്തിലേക്ക് എത്തുന്നുണ്ട്. കൂടുതൽ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ജില്ലാ അതിർത്തിയിൽ പോലീസിന്റെ പരിശോധന പ്രഹസനമാകുകയും ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ലോക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പല നിർദ്ദേശങ്ങളും ആളുകൾ പാലിക്കുന്നുമില്ല. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ എണ്ണം അൻപത് ശതമാനമായി കുറച്ചത് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ ബാധിക്കുന്നു. നഗരങ്ങളിലടക്കം പോലീസ് പിക്കറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. വാഹന പരിശോധനകൾ നിർത്തിയതോടെ ശാരീരിക അകലം പാലിക്കാതെ ആളുകൾ വാഹനങ്ങളിൽ യാത്രചെയ്യുന്നു. പ്രഖ്യാപിച്ചിട്ടുള്ള രാത്രികാല കർഫ്യുവും കൃത്യമായി പാലിക്കുന്നില്ല. ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ മാത്രമാണ് കൂടുതൽ പോലീസിനെ വിന്യസിക്കുന്നത്. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് അത്യാവശ്യ കാര്യങ്ങൾക്കുമാത്രമായി യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല.
നാട്ടിൽ സമൂഹ വ്യാപനം ഇല്ല എന്നുള്ളതും ജനങ്ങൾക്ക് നിയന്ത്രണങ്ങൾ മറികടക്കാൻ പ്രചോദനമാകുന്നു. ഗ്രാമീണ മേഖലകളിൽ മാസ്ക്കുകളുടെ ഉപയോഗം അടക്കമുള്ള കാര്യങ്ങൾ പൂർണ്ണമായും നടപ്പാകുന്നില്ല. ഉപയോഗിക്കുന്നവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുമില്ല. പൂർണ്ണമായി ശുചീകരിക്കാതെ മാസ്ക്കുകൾ പുനരുപയോഗിക്കുന്നത് കൂടുതൽ ആശങ്ക ഉയർത്തുന്നു. നിർമ്മാണ മേഖലയിൽ മാസ്ക്കുകളുടെ ഉപയോഗം തീർത്തും അവഗണിക്കപ്പെടുന്നു. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ അടക്കം ശാരീരിക അകലവും മറ്റ് സുരക്ഷാ മുൻകരുതലുകളും അവഗണിക്കുന്നു. കൂടുതൽ ഇളവുകൾ വന്നതോടെ തുടർ ദിവസങ്ങളിൽ വാഹനങ്ങളിലും വ്യാപാര ശാലകളിലും തിരക്കേറാനാണ് സാധ്യത. ഇത് ഏതുതരത്തിലുള്ള പ്രത്യാഖാതം ഉണ്ടാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. ലോക്ഡൗൺ വിലക്കുകൾ ലംഘിച്ചതിന് ഇന്ന മാത്രം 39 കേസുകളിലായി 47 ആളുകളെ അറസ്റ്റ് ചെയ്യുകയും 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: