തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന നിരക്ക് കൂടിവരുന്നതോടെ സർക്കാർ ഭയപ്പാടിൽ. 12 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 145 പേർക്ക്. സംസ്ഥാനത്തെ സ്ഥിതി കൂടുതൽ ഗുരതരമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പിന്റെ സൂചനയും സർക്കാർ നൽകുന്നു.
മെയ് 1 മുതൽ 7 തീയതികളിൽ രോഗ ബാധിതരുടെ എണ്ണം പൂജ്യമാണ്. എട്ടിന് ഒരാൾ പോസിറ്റീവായി. അതുവരെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 രോഗികൾ മാത്രം. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വരുന്ന മലയാളികളിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ കൂടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മെയ് ഏഴിനാണ് വിദേശത്ത് നിന്നും ആദ്യ വിമാനം എത്തിയത്. ഇതോടെ മെയ് 13 ഓടുകൂടി രോഗികളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടന്നു. ചില ദവസങ്ങളിൽ 24 29 വരെ എത്തി 12 ദിവസത്തിനുള്ളിൽ രോഗബാധിതർ 16ൽ നിന്ന് 161 ആയി. 145 പേർ പുതുതായി രോഗം ബാധിച്ചു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണമാകട്ടെ 74,398 ആയി ഉയർന്നു.
സമ്പർക്കത്തിലൂടെയുള്ള രോഗബാധയും വർദ്ധിക്കുന്നുണ്ട്. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും 10 പേരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു. അവരുമായി സമ്പർക്കത്തിൽ വന്ന മൂന്ന് പോലീസുകാരും രോഗബാധിതരായി. ഇന്നലെയും കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരിലും രോഗം സ്ഥിരീകരിക്കുന്നു.
രോഗത്തെ പിടിച്ചുകെട്ടി എന്ന സർക്കാരിന്റെ അവകാശ വാദം പൊളിയുകയാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലൂടെ. പ്രവാസികൾ എത്തുന്നതിനു മുമ്പ് സർക്കാർ നിരന്തരം വീമ്പു പറച്ചിൽ നടത്തിയിരുന്നു. വാർത്താ സമ്മേളനങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വർദ്ധിച്ചത് എടുത്ത് പറഞ്ഞ ശേഷം സംസ്ഥാനത്തെ രോഗികളുടെ എണ്ണവും പറഞ്ഞ് രോഗപ്രതിരോധ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു. എന്നാൽ ഇപ്പോൾ രോഗ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലായി. പ്രവാസികളിൽ കാൽശതമാനം പേരുപോലും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. ബാക്കിയുള്ളവർ കൂടി എത്തുമ്പോൾ സ്ഥിതി എന്താകുമെന്നും സർക്കാർ ആശങ്കപ്പെടുന്നു.
ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരെ സർക്കാർ നീരിക്ഷണത്തിൽ ആക്കാതെ വീടുകളിലേക്ക് പറഞ്ഞയച്ചത് സ്ഥിതി കൂടുതൽ വഷളാകുമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാരിത് കാര്യമായി എടുത്തില്ല.
നിരീക്ഷണത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് സമൂഹവ്യാപനമെന്ന സ്ഥിയിലേക്ക് പോകും. ഇക്കാര്യം ആരോഗ്യ വിദഗ്‌ദ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലാം വ്യക്തമായതോടെയാണ് സർക്കാരിന് മുട്ടിടി തുടങ്ങിയത്.
”നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ.് ലോക്ക്ഡൗണിൽ ചില ഇളവുകൾ വരുത്തിയെങ്കിലും തുടർന്നുള്ള നാളുകളിൽ പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. ഇന്നത്തെ തോതിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇതിൻറെ ഗൗരവം തിരിച്ചറിഞ്ഞ് നാം മുന്നോട്ടുപോകണം.’ – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: