കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് ബംഗാള്‍, ഒഡീഷ തീരത്ത് കനത്ത നാശം വിതക്കുന്നു. കനത്ത മഴയ്ക്കൊപ്പം വീശുന്ന കാറ്റില്‍ വ്യാപക നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡീഷയിലുമായി ഇതുവരെ 12 പേര് മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി.
ബംഗാളില്‍ 5500 വീടുകളാണ് തകര്‍ന്നത്. കൊല്‍ക്കത്ത നഗരത്തില്‍ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ബംഗാളിലെ ദിഗ, ഹാതിയ ദ്വീപ് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് വീശാന്‍ തുടങ്ങിയത്. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡീഷയില്‍ 155- 165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്.
ചുരുങ്ങിയത് 12 മരണങ്ങളെങ്കിലുമുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും ഇതിവരെ ഒഴിപ്പിച്ചു കഴിഞ്ഞു. ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തിയലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ അഞ്ച് വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: