കൊച്ചി: മുളന്തുരുത്തി മര്‍ത്തോമന്‍ പള്ളിയിലും മുടവൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയിലും ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമ തീര്‍പ്പു കല്പിച്ചതാണെന്നും ഇതില്‍ വിയോജിപ്പ് ഉണ്ടെങ്കിലും നിയമ വ്യവസ്ഥകള്‍ അംഗീകരിക്കാനും പാലിക്കാനും പൗരന്മാര്ക്ക് ബാദ്ധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഓര്‍ത്തഡോക്സ് വികാരിമാര്‍ക്ക് ആരാധന നടത്താന്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഇരുപള്ളികളിലെയും ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം 1934 ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചാണ് ഇരു പള്ളികളും ഭരിക്കേണ്ടതെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. തര്‍ക്കം ഉണ്ടായാല്‍ കോടതിയുത്തരവ് നടപ്പാക്കലാണ് നിയമവാഴ്ചയുടെ സംരക്ഷണത്തിന് ആവശ്യം. ക്രമസമാധാനപാലനം നിയമ നിര്‍വഹണത്തിന്റെ ഭാഗമാണ്. നിയമവാഴ്ചയെ അംഗീകരിക്കേണ്ടവര്‍ അതിനെ വെല്ലുവിളിക്കുകയും സുപ്രീം കോടതി വിധി ലംഘിക്കുകയും ചെയ്യുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ഈ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാവുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ മാത്രമേ ആരാധനാച്ചടങ്ങുകള്‍ നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണം. എന്നാല്‍ ഇടവകാംഗങ്ങള്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നടത്തുന്ന കര്‍മ്മങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: