കൊല്‍ക്കത്ത : ഉച്ചയോടെ ഉംപുണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരം തൊടും. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ട് തുടങ്ങി. 185 കിലോമീറ്റര്‍ വേഗതയില്‍ ഉംപുണ്‍ സംസ്ഥാനത്ത് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ തീരമേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ബംഗാളില്‍ ഇതുവരെ നാലുലക്ഷത്തോളം പേരെയും ഒഡീഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നും ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവിടെ നാല് ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുണ്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉംപുണ്‍ കരതൊടുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 185 കിലോമീറ്റര്‍ വരെയാകാമെന്നാണ് കണക്കുകൂട്ടല്‍. 2019 നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ ബുള്‍ബുള്‍ ചുഴലിക്കാറ്റിനെക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഉംപുണ്‍.
കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാല നാലഞ്ച് മീറ്റര്‍വരെയുയരാം. പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക.
ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.
അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചു കഴിഞ്ഞു. നാവിക സേനയുടെ വിദഗ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തി. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശ്രമിക് ട്രെയിനുകള്‍ റദാക്കി. കൊല്‍ക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിര്‍ത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇരു സംസ്ഥാങ്ങളിലേയും സമുദ്രാതിര്‍ത്തിക്ക് സമീപത്തുണ്ടായിരുന്ന 45 പട്രോള്‍ ബോട്ടുകളും വെള്ളത്തില്പൊങ്ങിക്കിടക്കുന്ന മൂന്ന് കാവല്‍പ്പുരകളും ബിഎസ്എഫ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: