പേരാമ്പ്ര(കോഴിക്കോട്): ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവില്‍ പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ശ്രമം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങിയ തൊഴിലാളികളാണ് പോലീസിന് നേരെ തിരിഞ്ഞത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പലരും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് പോയിരുന്നു.
തങ്ങള്‍ക്കും പോവാന്‍ സൗകര്യമൊരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. രാവിലെ പാലേരി വില്ലേജ് ഓഫീസര്‍ കെ. പ്രദീപന് ഇവരുടെ താമസസ്ഥലത്തെത്തി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അതിനുശേഷമാണ് പാറക്കടവിലും കുമ്പളത്തും താമസിക്കുന്ന 70 ഓളം വരുന്ന ബീഹാര്‍, പശ്ചിമബംഗാള്‍ സ്വദേശികള്‍ ഒന്നിച്ച് പ്രതിഷേധത്തിനിറങ്ങിയത്.
പേരാമ്പ്ര സബ് ഇന്‍സ്പെക്ടര്‍ മനീഷ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എസ്ഐയുടെ കൂടെ പോലീസ് ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇതരസംസ്ഥാന തൊഴിലാളികളെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചയച്ചത്.
പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: