കട്ടപ്പന: ഹൈറേഞ്ചില്‍ ഇഞ്ചി കൃഷി വ്യാപകമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇഞ്ചിക്ക് വില കുറഞ്ഞതോടെ കൃഷിയില്‍ നിന്നും ഹൈറേഞ്ചിലെ കര്‍ഷകര്‍ പിന്‍വാങ്ങുകയായിരുന്നു. ഇരുനൂറ് രൂപയോളമാണ് ഇപ്പോള്‍ ഒരുകിലോ ചുക്കിന്റെ വില. ഇഞ്ചിക്ക് ശരാശരി 100-120 രൂപ വരെ വിലയുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പത്ത് രൂപക്ക് പോലും ഇഞ്ചി എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മലയോരത്തെ നിരവധി കര്‍ഷകരാണ് ഇഞ്ചി കൃഷിയിറക്കി കടക്കെണിയിലായത്. വില തകര്‍ച്ചയാണ് ഇഞ്ചി കര്‍ഷകര്‍ക്ക് പ്രതിസന്ധി സമ്മാനിച്ചത്. ഹൈറേഞ്ചിലെ കൊന്നത്തടി, വാത്തിക്കുടി, രാജാക്കാട്, രാജകുമാരി, ഇരട്ടയാര്‍, കാമാക്ഷി തുടങ്ങിയ പഞ്ചായത്തുകളിലാണ് വ്യാപകമായി ഇഞ്ചി കൃഷി ചെയ്തു വന്നിരുന്നത്. മൂന്ന് വര്‍ഷക്കാലമായി ഇഞ്ചിക്ക് വില നന്നേ കുറവാണ്. ഭീമമായ തുക മുടക്കിയാണ് കര്‍ഷകര്‍ കൃഷി ഇറക്കിവന്നിരുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ കൃഷി ചെയ്ത ഇഞ്ചി പറിക്കാത്ത കര്‍ഷകരും ഹൈറേഞ്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പത്തുരൂപ മുതല്‍ 25 രൂപ വരെയാണ് ഇഞ്ചിക്ക് വില ലഭിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു ഇഞ്ചി വില ഉയര്‍ന്നു. ഇരുനൂറ് രൂപയ്‌ക്ക് മുകളിലാണ് ഇപ്പോള്‍ ഒരുകിലോ ഇഞ്ചിയുടെ വില. കഴിഞ്ഞ വര്‍ഷങ്ങളില്‍ വില കുറഞ്ഞതുമൂലം ഈ വര്‍ഷം ഇഞ്ചി കൃഷി വ്യാപകമായി ഇല്ല. എന്നാല്‍ വിലകൂടിയപ്പോള്‍ സുലഭമായി ഇഞ്ചി ലഭിക്കാനില്ലാത്ത അവസ്ഥയിലുമായി.
ഇപ്പോള്‍ വീണ്ടും കര്‍ഷകര്‍ ഇഞ്ചി കൃഷിയിലേക്കു തിരിഞ്ഞിരിക്കുകയാണ്. മണ്ണ് കിളച്ച് ഒരുക്കി വാരം കോരിയാണ് കൃഷിയിറക്കുന്നത്. ഇതിന് അഞ്ചിലധികം തൊഴിലാളികള്‍ വേണം. അടി വളമായി ചാണകപൊടി, എല്ലുപൊടി എന്നിവ ചേര്‍ക്കുന്നു. ഇടയ്‌ക്കിടെ ജൈവ വളം ചേര്‍ത്ത് കള പറിച്ച് കൃത്യമായ പരിചരണം നല്‍കിയാലേ ഇഞ്ചി കൃഷിയില്‍ ആദായം ഉണ്ടാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: