ലഖ്നൗ : മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഇന്ത്യയില്‍ നിര്‍മിച്ച അതിവേഗ 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ഉത്തര്‍പ്രദേശില്‍ കന്നിയാത്ര നടത്തി. ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയിലൂടെയാണ് കന്നിയാത്ര നടത്തിയത്. ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ 12000 ഇലക്ട്രിക് ട്രെയിന്‍ പൂര്‍ണ്ണമായും ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് വികസിപ്പിച്ചത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ദതിക്ക് കീഴിലായി ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റമിന്റെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നിര്‍മാണം നടത്തിയത്. ഇതുവരെ ഇന്ത്യയില്‍ ഉള്ളതില്‍ ഏറ്റവും ശക്തിയേറിയ എഞ്ചിനുകളാണ് ഈ ഇലക്ട്രിക് ട്രെയിനുകളുടെ പ്രത്യേകത.
ഇതോടെ 12000 എച്ച്പി എഞ്ചിന് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് ഇടം പിടിച്ചു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ആല്‍സ്റ്റമിന്റെ ബെംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്.
റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റമായതിനാല് ഇന്ധന ഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് ട്രെയിനുകളുടെ വേഗത വര്‍ധിക്കുന്നതോടെ രാജ്യത്തെ റെയില്‍ ഗതാഗതം സുഗമമാകുമെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.
2015 ലാണ് റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും തമ്മില്‍ മെയ്ക് ഇന്‍ ഇന്ത്യ നിര്‍മാണ കരാറില്‍ ഒപ്പുവെച്ചത്. 25,000 കോടിയുടേതായിരുന്നു പദ്ധതി. ഇതു പ്രകാരം 800 ട്രെയിനുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രെയിനിന്റെ നിര്‍മാണവും പരിപാലനവും കൂടാതെ മാധേപുരയില്‍ നിര്‍മാണഫാക്ടറിയും ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും നാഗ്പുരിലും വര്‍ക്ക്ഷോപ്പുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
2,000 കോടിയിലേറെ രൂപ ആല്‍സ്റ്റം നിക്ഷേപിച്ചു കഴിഞ്ഞു. മാധേപുരയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്കാന് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കന്നി ഓട്ടം വിജയകരമായതോടെ നിര്‍മാണം കൂടുതല്‍ വിപുലമാക്കും. ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: