തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടത്താനുള്ള തീരുമാനം കൊറോണയ്‌ക്കെതിരെയുള്ള പ്രരോധ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 20ലക്ഷത്തോളം പേരാണ് പരീക്ഷാ ദിവസങ്ങളില്‍ ഒരേ സമയം പുറത്തിറങ്ങുക. ഇത് രോഗ വ്യാപനത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ലോക്ക്ഡൗണ്‍മൂലം നിര്‍ത്തിവച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്‌സി, ടിടിസി ക്ലാസുകളിലെ ബാക്കിയുള്ള പരീക്ഷകളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാഠ്യത്തെ തുടര്‍ന്ന് 26 മുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വീടു മുതല്‍ പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രവരെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പൊതു ഗതാഗതം പൂര്‍ണ്ണമായും സര്‍വ്വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ രക്ഷിതാക്കളുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്ക് എത്തുക.
തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നവരുടെ കൂട്ടത്തിലുണ്ട്. ജില്ല വിട്ട് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. സംസ്ഥാനത്തിനുള്ളില്‍ തന്നെ 33 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. ഈ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ചും വ്യക്തമായ ധാരണയില്ല. ഈ വിദ്യാലയങ്ങളില്‍ നിരീക്ഷണത്തിനായി എത്തുന്ന അധ്യാപകരുടെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
മലബാര്‍ പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് കടുത്ത നിലപാടിലാണ് . ഈ പ്രദേശങ്ങളിലെ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തെക്കന്‍ മേഖലകളില്‍ കെഎസ്ആര്‍ടിസി മാത്രം ഉപയോഗിച്ച് എല്ലാ സ്‌കൂളുകളിലേക്കും യാത്ര ഒരുക്കുക അപ്രായോഗികമാണ്. കൂടാതെ പരീക്ഷാ ദിവസങ്ങളില്‍ ബസ് ഡിപ്പോകളില്‍ ഉണ്ടാകുന്ന തിരക്കും ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കുന്നു.
സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കില്ല, ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് സര്‍ക്കാരിനും ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള സംവിധാനം കേരളത്തിലുണ്ടെന്ന് പരസ്പരവിരുദ്ധമായാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
വിദേശത്തും ആശങ്ക
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ പരീക്ഷ എഴുതുന്നത്. കൊറോണ വ്യാപനത്തില്‍ പല ഗള്‍ഫു രാജ്യങ്ങളും കനത്ത ലോക്ഡൗണിലാണ്. അതത് രാജ്യങ്ങളിലെ മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പരീക്ഷ എഴുതാനാകും, സെന്ററുകള്‍ എങ്ങനെ സജ്ജമാക്കും എന്നതില്‍ സര്‍ക്കാരിന് ധാരണയില്ല. പ്രവാസികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി എന്നതൊഴിച്ചാല്‍ മറ്റു നടപടികള്‍ ഒന്നും സംസ്ഥാനം ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: