വൈക്കം: ചുഴലിക്കാറ്റ് തകര്‍ത്ത വൈക്കം മഹാദേവ ക്ഷേത്രത്തിന് 40 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളായ തിടപ്പള്ളി, ബലിക്കല്‍പ്പുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, കഞ്ഞിപ്പുര, ക്ഷേത്ര ഉപദേശക സമിതി ഓഫീസ്. ക്ഷേത്രകലാപീഠം എന്നിവയ്ക്കാണ് നാശനഷ്ടം സംഭവിച്ചത് .ഇവ എത്രയും വേഗം പുനര്‍നിര്‍മിക്കാന്‍ നടപടിയെടുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കാലാകാലങ്ങളായുള്ള അറ്റകുറ്റപ്പണികള്‍ നടത്താതിന്റെ ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് ഭക്തജന സംഘടനകള്‍ പറയുന്നത്.
അഷ്ടമി സമയത്ത് മാത്രം ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷങ്ങള്‍ വരുന്ന തുകയ്ക്ക് അറ്റകുറ്റപ്പണികള്‍ കരാര്‍ കൊടുക്കും. കാലാകാലങ്ങളായി ദേവസ്വം ബോര്‍ഡ് നടത്തുന്ന ഈ അഴിമതിയാണ് ഇത്തരത്തില്‍ ഉണ്ടായ നാശനഷ്ടത്തിന് വഴി തെളിച്ചതെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലെന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പൗരാണിക വസ്തുക്കള്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണ് .ഓടില്‍ നിര്‍മിച്ച ചുറ്റമ്പലത്തിലെ വിളക്കുകള്‍ പലതും ചോര്‍ന്നൊലിച്ചിട്ടും ഇതുവരെ നന്നാക്കാന്‍ തയ്യാറായിട്ടില്ല.
വലിയകവലയിലെ ക്ഷേത്രത്തിലെ പ്രധാന അലങ്കാര ഗോപുരം കാറ്റത്ത് നാശം സംഭവിച്ചിരുന്നു. 40 വര്‍ഷം പഴക്കമുള്ള ഇത് ഒരിക്കല്‍ പോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: