തിരുവനന്തപുരം: ”ലോകം മുഴുവന്‍ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ…” കൊറോണക്കാലത്ത് ഏറ്റവും അധികം പാടിക്കേട്ടത് ഈ വരികളാണ്. കെ.എസ്.ചിത്രയടക്കമുള്ള പിന്നണിപ്പാട്ടുകാര് ലോക്ഡൗണിന്റെ വിരസതയകറ്റാനും ലോകത്തിനായി പ്രാര്‍ത്ഥിക്കാനുമായി ഏറ്റവും കൂടുതല്‍ പാടിയത് ഈ വരികളാണ്. ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് പാടി. സാങ്കേതിക വിദ്യയുടെയും സോഫ്റ്റ്വെയറിന്റെയും സഹായത്താല്‍. ചാനലുകളും സമൂഹമാധ്യമങ്ങളും അത് നമ്മള് ഓരോരുത്തരിലേക്കുമെത്തിച്ചു. രോഗപ്രതിസന്ധിയില്‍ മനസ്സു വിങ്ങിയവരിലേക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയായി ആ ഗാനം.
ലോക്ഡൗണില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു മലയാളികള്‍ ഏറ്റു പാടിയത് ആ ഗാനമാണ്. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനവും സാന്ത്വനവുമായി എത്തിയ നടന് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജയും ആരോഗ്യപ്രവര്‍ത്തകരുമായും നടത്തിയ ഫേസ്ബുക്ക് ലൈവിലും ഈ ഗാനം ആലപിച്ചു. മലയാളത്തിലെ പ്രശസ്ത ഗായകര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആല്‍ബത്തിലും ഈ ഗാനം ആലപിക്കപ്പെട്ടു.
ഒരുപാടുപേര് ഏറ്റുചൊല്ലിയ ആ ഗാനം ഇപ്പോള്‍ സംസ്കൃത രൂപത്തില്‍ ആസ്വാദകരിലേക്കെത്തിയിരിക്കുന്നു. ”ലോകേ സകലേ സുഖദാനായാ…” എന്നു തുടങ്ങുന്ന സംസ്കൃത വരികളില്‍, ഈണം ഒട്ടും ചോരാതെ മനോഹരമായി പാടിയിരിക്കുന്നത് വിദ്യാര്‍ഥികളും അധ്യാപകരുമായ ഒരു കൂട്ടം ഗായകരാണ്. മലയാള ഗാനത്തിന് സമകാല പ്രസക്തമായ പുതിയ രൂപം നല്‍കിയിരിക്കുന്നത് തിരുവനന്തപുരം എസ്എപി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ്.
കൊറോണ മഹാമാരിക്കുമുന്നില്‍ ലോകം പകച്ചു നില്ക്കുമ്പോള് എല്ലാവര്ക്കും ആശ്വാസം പകരുന്നതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും പ്രചോദനമേകുന്ന രീതിയിലാണ് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. പ്രസിദ്ധമായ ഈ ഗാനത്തെ സംസ്കൃതത്തിലേക്ക് മൊഴിമാറ്റം നടത്തി ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് എസ്എപി കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃതം അധ്യാപകനായ ഡോ. മനോജ് ബി.യാണ്.
1972ലാണ് പി. ഭാസ്കരന് ഈ ഗാനം എഴുതുന്നത്. അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിനായിട്ടായിരുന്നു ഗാനം. പുകഴേന്തിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്.
താരശങ്കര്ബാനര്ജിയുടെ പ്രശസ്തമായ കഥയ്ക്ക് എസ്എല്‍ പുരം സദാനന്ദന് അതിമനോഹരമായ തിരക്കഥയൊരുക്കി. ‘ലോകം മുഴുവന്‍ സുഖം പകരാനായി…’ എസ്.ജാനകി പാടി. പ്രിയനടി ശാരദ എല്ലാ ഭാവങ്ങളോടെയും അഭിനയിച്ചു.
”പുല്ലില്‍ പൂവില്‍
പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍
വനചരനില്‍
ജീവബിന്ദുവിന്നമൃതം
തൂകിയ ലോകപാലകാ
ജഗദീശാ..ആനന്ദത്തിന്
അരുണകിരണമായ്
അന്ധകാരമിതില്‍
അവതരിക്കൂ…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: