വാഷിങ്ടണ്‍: ലോകാരോഗ്യസംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദ്നോമിനോടുള്ള നിലപാട് കടുപ്പിച്ച് വീണ്ടും അമേരിക്ക. ചൈനയുടെ പിടിയില്‍ നിന്ന് സ്വതന്ത്രമായെന്ന് മുപ്പതുദിവസത്തിനകം തെളിയിക്കാതെ സംഘടനയ്ക്ക് ഫണ്ട് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ടെഡ്രോസിനയിച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടനയ്ക്കുള്ള ഫണ്ടിങ് ഏപ്രില്‍ 14ന് യുഎസ് നിര്‍ത്തിവച്ചതു സംബന്ധിച്ച കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്. കോവിഡ് രോഗവ്യാപന സംബന്ധിച്ച മുന്നറിയിപ്പ് നല്കുന്നതില് സംഘടന പൂര്‍ണമായി പരാജയപ്പെട്ടെന്നും ഇത് ചൈനീസ് സമ്മര്‍ദത്തിന്റെ ഫലമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് ബെയ്ജിങ്ങിലോ ലോകാരോഗ്യസംഘടനയുടെ ഓഫിസിന് ഡിംസംബര്‍ 30ന് തന്നെ എല്ലാ വിവരങ്ങളും ലഭിച്ചിരുന്നു. ഡിസംബര്‍ 26 മുതല്‍ 30 വരെ ചൈനയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വുഹാനിലെ വൈറസ് വ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും ചൈനയുടെ സമ്മര്‍ദം ഫലമായി സംഘടന അധ്യക്ഷന്‍ ടെഡ്രോസ് കോവിഡ് വ്യാപനം സംബന്ധിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് വൈകിപ്പിച്ചെന്നും കത്തില്‍ പറയുന്നു.
ഫണ്ടിങ് നിര്‍ത്തിയതിനു പിന്നാലെ സംഘടനയ്ക്കെതിരേ അതിശക്തമായ നിലപാടാണ് യുഎസ് സ്വീകരിച്ചു പോരുന്നത്. യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ചൈന ഇതിനെതിരെ രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താത്ത അവസ്ഥയിലാണ്. ചൈനയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്ന ലോകാരോഗ്യ സംഘടനയുടെ പേരു പോലും പ്രമേയത്തില്‍ പരാമര്‍ശിക്കരുതെന്നും പകരം യുഎന്‍ ആരോഗ്യ ഏജന്‍സി എന്നു വിശേഷിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇതിനെ എതിര്‍ത്ത ചൈന, കൊറോണ പോരാട്ടത്തിലെ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: