പത്തനംതിട്ട: കോവിഡ് കെയർ സെന്ററുകളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായി നിയമിച്ച വനിതകളടക്കമുള്ള അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടിയും. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ അധ്യാപകരെ പകൽ ഡ്യൂട്ടിയിൽ കോവിഡ് കെയർ സെന്ററുകളിലേക്ക് നിയമിച്ചിരുന്നു. ഇവർക്ക് രാത്രികാല ഡ്യൂട്ടിയും നിശ്ചയിച്ചാണ് ഇപ്പോൾ പുതിയ ഉത്തരവിറങ്ങിയത്.
മൂന്ന് ഷിഫ്റ്റുകളായി തിരിച്ച് അധ്യാപകർക്കു മാത്രമായി ചുമതല നൽകിയപ്പോൾ ആരോഗ്യവകുപ്പ് ജീവനക്കാരെ കോവിഡ് കെയർ സെന്റർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അധ്യാപികമാരടക്കമുള്ളവർക്ക് രാത്രികാല ഡ്യൂട്ടി കോവിഡ് കെയർ സെന്ററുകളിൽ നിർവഹിക്കേണ്ടിവരും. സെന്റർ ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക മുറിയോ സൗകര്യമോ അനുവദിച്ചിട്ടില്ല. സുരക്ഷാ മുൻകരുതലിനുള്ള സംവിധാനങ്ങളോ അധ്യാപകർക്ക് അനുവദിച്ചിട്ടില്ല. ഡ്യൂട്ടി കഴിയുമ്പോൾ ഇവർക്ക് ക്വാറന്റൈനീൽ പോകേണ്ടി വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും, 12 മുതൽ വൈകുന്നേരം ആറുവരെയും വൈകുന്നേരം ആറു മുതൽ പിറ്റേന്നു രാവിലെ ആറുവരെയുമാണ് ഇപ്പോഴത്തെ ജോലി ക്രമീകരണം. മൂന്ന് ഷിഫ്റ്റുകളിലും ഇപ്പോൾ അധ്യാപകർക്ക് ജോലി നൽകിയിട്ടുണ്ട്. ജില്ലയിലെ സ്കൂളുകളിൽ നിന്ന് ശേഖരിച്ച പട്ടിക പ്രകാരം ജോലി വീതിച്ചു നൽകിയിരിക്കുകയാണ്.
ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും ജീവിതശൈലി രോഗമുള്ളവരും ഗർഭിണികളുമൊക്കെ ഡ്യൂട്ടിയിലുണ്ട്. രാത്രികാല ഡ്യൂട്ടിയിലും യാതൊരു ഇളവുകളും അനുവദിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാകളക്ടർ പ്രത്യേക ഉത്തരവിലൂടെയാണ് അധ്യാപകർക്ക് അധിക ജോലി നൽകിയത്. സെന്ററുകളിൽ രാത്രികാല ജോലി നോക്കിയിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പകൽ അവധി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് അധ്യാപകരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഡെങ്കി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പകൽ ജോലി നൽകിയിരിക്കുകയാണ്. പ്രൈമറി, ഹൈസ്കൂൾ അധ്യാപകർക്കാണ് നിലവിൽ ഡ്യൂട്ടി നൽകിയിരിക്കുന്നത്. പ്രൈമറി അധ്യാപകർക്കാകട്ടെ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഓരോ ക്ലാസിലും പങ്കെടുത്ത് അതാത് ദിവസം അവലോകനം തയാറാക്കി നൽകണം.
സ്കൂളുകളിൽ പ്രവേശന, ക്ലാസ്കയറ്റം നടപടികൾ ആരംഭിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെയിൽ കോവിഡ് കെയർ സെന്റർ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരിൽ ചില പ്രഥമാധ്യാപകരുമുള്ളതായി പറയുന്നു. അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടി കൂടി നൽകിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ കോവിഡ് കെയർ സെന്ററുകളിൽ ഒരാഴ്ചയായി അധ്യാപകർ ജോലിയെടുത്തു വരികയാണ്. അധ്യാപകരുടെ പ്രായം, ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവ പരിഗണിക്കാതെയാണ് അധ്യാപികമാരടക്കമുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: