പത്തനംതിട്ട: കൊടുമണ്ണിൽ പത്താം ക്ലാസുകാരന്റെ കൊലപാതക കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈൽ കോടതി ജഡ്ജി രശ്മി.ബി ചിറ്റൂർ ആണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈൽ ബോർഡ് തളളിയിരുന്നു. ഇതിനെ തുടർന്ന് പത്തനംതിട്ട എസ്പിയുടെ പ്രത്യേക താൽപര്യ പ്രകാരം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമൺ സി.ഐ ശ്രീകുമാറിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി അടൂർ ഡിവൈഎസ്പി ജവഹർ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ജുവനൈൽ ബോർഡിന്റ വിധിക്കെതിരെ പോലീസ് പത്തനംതിട്ട ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. 16 വയസ്സ് പ്രായമായ കുറ്റാരോപിതരെ നിർഭയ കേസിന്റ മോഡലിൽ മുതിർന്നവരപ്പോലെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും, അതു കൊണ്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നുമായിരുന്നു പോലീസിന്റ ആവശ്യം. പ്രതി ഭാഗം അഭിഭാഷകർ ഈ വാദത്തെ ഖണ്ഡിച്ചതിനെത്തുടർന്ന് അപ്പീൽ ജില്ലാ കോടതി ജഡ്ജി സാനു.എസ് പണിക്കർ തള്ളിയിരുന്നു.
പ്രതികൾക്കുവേണ്ടി അഡ്വ.പ്രശാന്ത് വി കുറുപ്പ്, അഡ്വ.ബി.അരുൺദാസ് എന്നിവർ ഹാജരായി. കളികൾക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വിദ്യാർത്ഥികളായ കൂട്ടുകാർ സുഹൃത്തിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഇവർ മറവുചെയ്യുകയായിരുന്നു. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ്, മിനി ദമ്പതികളുടെ മകൻ അഖിൽ (16) ആണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: