ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ 2016ല്‍ പ്രഖ്യാപിച്ച കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ ഫോണ്‍) പദ്ധതിയുടെ നടത്തിപ്പിനുള്ള പ്രാരംഭ നടപടികള്‍ കോഴിക്കോട് നരിക്കുനി കെഎസ്ഇബി സെക്ഷന്‍ കീഴില്‍ തുടങ്ങി. കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് കെഎസ്ഇബിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്നത്. കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ലോക ബാങ്ക് സഹായത്തോടെ 1,028 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
കെഎസ്ഇബിയുടെ എല്ലാ 210, 110, 66 കെവി സബ്സ്റ്റേഷനുകളയും ആദ്യമായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കും. ഇത് നിലവിലുള്ള വൈദ്യുതി തൂണുകളിലൂടെയാണ്. അപേക്ഷിക്കുന്ന എല്ലാ കെഎസ്ഇബി ഉപഭോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാനാണ് പദ്ധതി.
ഈ കെ ഫോണ്‍ ശൃംഖല ഉപയോഗിച്ച് ഏത് സേവനദാതാവിനും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാം. ആദ്യമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, വായനശാലകള്‍ കെ ഫോണ്‍ നെറ്റ് വര്‍ക്ക് പരിധിയില്‍ വരും. ഇതിന് പുറമെ ബിപിഎല്‍ കുടുംബങ്ങളും സൗജന്യ ഇന്റര്‍നെറ്റ് പരിധിയില്‍ വരാന്‍ സാധ്യതയുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പ്പിനും, ജനങ്ങളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതുമാണ് കെഎസ്ഇബിയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. കോഴിക്കോട് ജില്ലയിലെ മടവൂര്‍ 110 കെവി സബ് സ്റ്റേഷനിലാണ് ആദ്യമായി കെ ഫോണിനുള്ള ജോലികള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: