സമ്പന്ന രാജ്യങ്ങള്‍ക്കുപോലും സങ്കല്പ്പിക്കാന് കഴിയാത്ത പദ്ധതികളും പരിഷ്ക്കാരങ്ങളുമാണ് ഇന്ത്യ ഇന്ന് മുന്നോട്ടു വച്ചത്. കോവിഡ് 19 വരുത്തിയ കെടുതികളെ സമര്‍ത്ഥമായി അതിജീവിക്കാനുള്ള ഹ്രസ്വവും ദീര്‍ഘവുമായ നടപടികള്‍ പുരോഗമിക്കുമ്പോള്‍ വിസ്മയത്തോടെ മാത്രമേ ലോകത്തിനത് വീക്ഷിക്കാന്‍ സാധിക്കൂ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി, ജീവനുകള്‍ തകര്‍ത്തെറിയുകയും ജീവിതങ്ങള്‍ താറുമാറാവുകയും ചെയ്യുമ്പോള്‍ ഇന്ത്യ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. പല രാജ്യങ്ങളിലും രോഗികളുടെ എണ്ണം ലക്ഷങ്ങളും മരണങ്ങള് പതിനായിരങ്ങളുമായി എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ സ്ഥാനം ഏറെ പിറകിലായത് കഠിന പ്രയത്നങ്ങള്‍ കൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹപ്രവര്‍ത്തകരും മുഖ്യമന്ത്രിമാരും ആരോഗ്യപ്രവര്‍ത്തകരും ഇതിനായി സഹിച്ച ത്യാഗങ്ങള്‍ വിസ്മരിക്കാനാവില്ല. ഇതിനെയൊക്കെ ലഘൂകരിക്കാനും പരിഹസിക്കാനും ശ്രമിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കോവിഡ് 19 ഉണ്ടാക്കിയ ദുരന്തം സര്വ്വമേഖലയ്ക്കും ആഘാതമാണുണ്ടാക്കിയത്. അതിനെ മറികടക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ കൊണ്ടേ സാധിക്കൂ. അത് ബോധ്യപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പല മേഖലയിലെയും വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന് മുമ്പു തന്നെ ആരോഗ്യ മേഖലയ്ക്ക് 30,000 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് 1.7 കോടിയുടെ പാക്കേജ് ആദ്യം പ്രഖ്യാപിച്ചു. കൂടാതെ വിവിധ മേഖലകളുടെ പുനരുദ്ധാരണത്തിന് റിസര്‍വ്വ് ബാങ്കിന്റെ ആറ് ലക്ഷം കോടിയോളം രൂപയുടെ വായ്പാനയവും പ്രഖ്യാപിച്ചു. ഒടുവില്‍ രണ്ടാംഘട്ടമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രക്ഷേപണം വഴി 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. അത് എങ്ങനെയെല്ലാം ഏതെല്ലാം മേഖലകളില്‍ എന്നൊക്കെ ധനമന്ത്രി നിര്മ്മലാസീതാരാമന് വിശദീകരിച്ചത് അഞ്ചുദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്. പതിനായിരം കോടിയോളം രൂപ കൂടുതല്‍ നീക്കി വയ്ക്കുന്ന സ്ഥിതിയുമുണ്ടായി.
നാലാംദിനത്തില്‍ ബഹിരാകാശം, കല്‍ക്കരി, പ്രതിരോധം, വേ്യാമയാനം തുടങ്ങിയ മേഖലകളില്‍ ഊര്‍ജിത സ്വകാര്യവല്‍ക്കരണത്തിന് കേന്ദ്ര തീരുമാനം വന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ അഴിച്ചുവിടാനുള്ള വ്യഗ്രതയാണ് കണ്ടത്. പൊതുമേഖല വിറ്റു തുലയ്ക്കാനും സ്വകാര്യ മേഖലയെ താലോലിക്കാനുമെന്നൊക്കെ ആരോപണം വന്നു. ബിജെപി സ്വകാര്യ മേഖലയെ ശത്രുതയോടെ കാണുന്ന പ്രസ്ഥാനമല്ല. കരുതലോടെ എല്ലാ മേഖലയേയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ തുറന്ന സമീപനം തന്നെയാണ്. ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവല്‍ക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്. പ്രതീക്ഷിക്കുന്ന വരുമാനവും മുതല്‍മുടക്കും ചേര്‍ത്താല്‍ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികള്‍. കാര്ഷികോല്പന്ന വിപണിയില്‍ ഉദാരവല്‍ക്കരണത്തിന് അവശ്യസാധന നിയമം ഉള്‍പ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവസത്തെ കേന്ദ്ര തീരുമാനം.
കാര്‍ഷിക മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു. കൃഷി, കന്നുകാലി, മത്സ്യ മേഖലകളിലായി മൊത്തം 1.54 ലക്ഷം കോടിയുടെ പദ്ധതികള്‍. ചെറുകിട കര്‍ഷകര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ 2.46 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു രണ്ടാം ദിനത്തില്‍ പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആദ്യഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ചത്. ഏഴുമേഖലകളിലുമായി ബന്ധപ്പെട്ട അവസാനഘട്ടത്തിലെ വിശദീകരണം കൂടി വന്നപ്പോള്‍ കേന്ദ്രതീരുമാനം സമഗ്രവും സമ്പൂര്‍ണവും സര്‍വ്വ സ്പര്‍ശിയുമായി.
ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം കുടിയേറ്റ തൊഴില്‍ ഉള്‍പ്പെടെ വ്യത്യസ്ഥമായ മേഖലകള്‍ക്കെല്ലാം ആവശ്യാനുസരണം പദ്ധതിയും പണവും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങളുടെ ആവലാതികളും പരിഗണിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. കേരളത്തിന്റെ മുഖ്യ പരാതി വായ്പാ പരിധി ഉയര്‍ത്തുന്നില്ല എന്നതായിരുന്നു. റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റിന് പുറമെ രണ്ട് ശതമാനം ഉയര്‍ന്ന വായ്പാ പരിധിയുമാണ് ചോദിച്ചത.് 12,390 കോടി രൂപ റവന്യൂ നഷ്ടം നികത്താന്‍ ഗ്രാന്റ് അനുവദിക്കുകയും ആവശ്യപ്പെട്ടതുപോലെ വായ്പാ പരിധി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അതിന് വ്യവസ്ഥകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്ര ഭക്ഷ്യധാന്യം നല്കാന് തീരുമാനിച്ച കേന്ദ്രം ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പുതിയ പ്രഖ്യാപനവും മുന്നോട്ടു വച്ചിരിക്കുന്നു. എല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഒരു കിതപ്പുമില്ലാതെ രാജ്യം കുതിക്കുക തന്നെ ചെയ്യും. ഇതിനിടയില്‍ ഇടങ്കോലിടാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: