രജിത
വെഞ്ഞാറമൂട്: താരപരിവേഷത്തിന് അവധി നല്കി ലോക്ഡൗണ്‍ വെഞ്ഞാറമൂട്ടില്‍ തന്നെ ആഘോഷമാക്കുകയാണ് നടന് സുരാജ് വെഞ്ഞാറമൂട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പോലീസ്, ഫയര്‍ ഫോഴ്സ്, പത്ര ദൃശ്യ മാധ്യമങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങുകള്‍… എല്ലാത്തിലും സജീവം. കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എത്തിച്ചും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തും, വിവിധ സംഘടനകളുടെ പച്ചക്കറി വിളവെടുപ്പ്, നടീല്‍ ഉദ്ഘാടകനായും ലോക്ഡൗണിലും വെഞ്ഞാറമൂട്ടില്‍ സുരാജ് നിറസാന്നിധ്യമാകുന്നു.
വീട്ടിലുള്ള സമയത്ത് കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സന്ദേശ പരിപാടികള്‍ ചെയ്തു കൊണ്ടിരിക്കുന്നു. മാസ്ക് എന്ന പ്രോഗ്രാമാണ് വിഷുദിനത്തില്‍ റെക്കോര്‍ഡ് ചെയ്തത്. കിടപ്പുമുറിയില്‍ സജ്ജമാക്കിയ സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് റെക്കോഡിങ്. അനുകരണകലയിലെ വഴികാട്ടിയായിരുന്ന സഹോദരന് സജി.വി.വി റെക്കോര്‍ഡിങിനുള്ള സഹായം ചെയ്തു കൊടുക്കും.
മാസ്ക് എങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷയും സഹായവുമാകുമെന്നതിനെ കുറിച്ചാണ് മാസ്ക് എന്ന പ്രോഗ്രാം ഒരുക്കിയത്. സുരാജ് തന്നെയാണ് മാസ്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും. കൂടാതെ സാമൂഹിക ബോധവല്‍ക്കരണ പരിപാടികളും പോലീസിനും അഗ്നി ശമന സേനയ്ക്കും ആരോഗ്യ വകുപ്പിനും പിന്തുണ നല്കുന്ന വീഡിയോ സന്ദേശങ്ങളും ഇതിനകം വീട്ടിലിരുന്നു ചെയ്തുകൊടുത്തു. കോവിഡ് കാലത്തു പ്രതിഫലം വാങ്ങാതെ ഏറ്റവും അധികം കോവിഡ് ബോധവത്കരണ വീഡിയോകള്‍ ചെയ്ത ക്രെഡിറ്റും അദ്ദേഹത്തിന് സ്വന്തം. അതിന് ജില്ല കളക്ടര്‍ വിളിച്ചു പ്രത്യേക അഭിനന്ദനവും അറിയിച്ചു.
ലോക് ഡൗണ്‍ കാലത്ത് ഷൂട്ടിങ്ങുകള്‍ക്ക് അവധി കൊടുത്ത് കലൂരിലെ ഫ്ലാറ്റില്‍ നിന്നും മാര്‍ച്ച് 15ന് വെഞ്ഞാറമൂട്ടിലെ കുടുംബ വീട്ടിലെത്തിയ സുരാജിന് ഇപ്പോള്‍ ഒന്നിനും സമയം തികയുന്നില്ലങ്കിലും പുറത്തെ പ്രവര്‍ത്തനവും വീടിനകത്ത് റെക്കോര്‍ഡിങ്ങും കഴിഞ്ഞാല്‍ കുടുംബാംഗങ്ങളോടൊപ്പമാണ്. വളരെ നാളുകള്‍ക്ക് ശേഷമാണു കുടുംബവീട്ടില്‍ അമ്മയോടും സഹോദരങ്ങളോടുമൊപ്പം സമയം ചിലവഴിക്കുന്നത്. കൃഷി, പെയിന്റിങ്, കുട്ടികളുടെ കലാഭിരുചി പരിപോഷണം, പാചക പരീക്ഷണങ്ങള്‍ ഇങ്ങനെ നീണ്ടുപോകുകയാണ് വീട്ടു വിശേഷങ്ങള്‍. കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന അച്ഛന്റെ ഓര്‍മ്മകളുമായാണ് ഇപ്പോള്‍ കുറച്ചു സമയം തൂമ്പയെടുത്ത് പച്ചക്കറി തോട്ടത്തിലറങ്ങുന്നതും. സുരാജിന്റെ അനുകരണകലയെ പ്രോത്സാഹിപ്പിച്ചും, കൂടെ നടന്നു പ്രോഗ്രാമുകള്‍ ചെയ്തും കൈപിടിച്ച് നടത്തിയ ചേട്ടന് സജിയും സുരാജിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: