Categories: Kerala

കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണ സംഘം ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കുന്നു

Published by

തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ സന്ന്യാസിനി വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ഇതിനായി കൃത്യമായ പട്ടികതയാറാക്കുകയാണ് അന്വേഷണ സംഘം. ഇൻക്വസ്റ്റ് തയ്യാറാക്കിയ പോലീസുകാരുടെയും ബോഡിയോടൊപ്പം യാത്ര ചെയ്ത പോലീസുകാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം പറഞ്ഞു.  

സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെ കണ്ടെത്തി അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സന്ന്യാസി വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്തി സംഭവത്തിൽ കൂടുതൽ വ്യക്തതവരുത്തുന്നത്. എന്നാൽ ഫോറൻസിക് റിപ്പോർട്ട് വൈകുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.  ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.  

കഴിഞ്ഞ ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ (21) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പകൽ 12.15ന് മുമ്പ് മരണം സംഭവിച്ചെന്നും വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ ശരീരത്തിലുണ്ടെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണം.ക്രൈംബ്രാഞ്ച് റേഞ്ച് എസ്പി കൃഷ്ണകുമാറിനാണ് അന്വേഷണ ചുമതല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: death