തിരുവനന്തപുരം: വര്‍ണക്കുടകളും പുത്തന്‍ ബാഗും ചെരുപ്പുമൊക്കെ വാങ്ങാന്‍ കുട്ടികളെ കൊണ്ട് കടകള്‍ നിറയേണ്ട സമയം. ഇഷ്ടതാരങ്ങളുടെ ചിത്രമുള്ള നോട്ടുബുക്കുകളും, കാര്‍ട്ടൂണുകളും സിനിമാതാരങ്ങളുടെ ഉള്‍പ്പെടെ ചിത്രമുള്ള നെയിം സ്ലിപ്പുകളും തെരഞ്ഞെടുക്കാനുള്ള ബഹളവും, പേനയ്ക്കും പെന്‍സിലിനും ജ്യോമട്രി ബോക്സിനുമായുള്ള വാശിപിടിക്കലുമൊക്കെ കൊണ്ട് വിപണി സമ്പന്നമാകുന്ന നേരം. ഇത്തവണ എല്ലാം നിശ്ശബ്ദമാണ്. കൊറോണ വ്യാപനത്തില്‍ ഈ വിപണി ഒന്നടങ്കം അടിപതറി.
അറുപത്തഞ്ച് ലക്ഷം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് 250 കോടിയുടെ വിപണനമാണ് ബാഗ് വില്‍പ്പനയില്‍ മാത്രമുണ്ടാകേണ്ടത്. നോട്ട്ബുക്ക്, മറ്റ് പഠന സാമഗ്രികള്‍, ചെരുപ്പ് ഉള്‍പ്പെടെയുള്ളവ കൂടി പരിഗണിച്ചാല്‍ ഇരട്ടി വരും. ഏപ്രില്‍, മെയ് മാസങ്ങളിലെ വ്യാപാരമാണ് സ്കൂള്‍ വിപണിയുടെ നട്ടെല്ല്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ കൊണ്ടാണ് പരമാവധി സാധനങ്ങള്‍ വിപണിയിലെത്തുക. അതനുസരിച്ച് വ്യാപാരികള്‍ മുന്‍കൂട്ടി ഓഡറുകള്‍ നല്കി. സീസണ് കണക്കാക്കി നവംബറോടെ കമ്പനികള്‍ ഇവയുടെ ഉത്പാദനവും തുടങ്ങി.
ഗോഡൗണുകളില്‍ ഉത്പന്നങ്ങളുമെത്തിച്ചു. പിന്നാലെയാണ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍. ഇതോടെ നിര്‍മിച്ച സാധനങ്ങള്‍ ഫാക്ടറികളിലും കയറ്റി അയയ്ച്ചവ പലയിടങ്ങളിലും കുടുങ്ങി. സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന സ്ഥിതി കൂടി ആയതോടെ വിപണി തന്നെ ഇല്ലാതാകുമെന്ന അവസ്ഥയാണ്.
18 ലക്ഷം ബാഗുകളാണ് സ്കൂബീഡേ നിര്‍മിച്ചത്. എല്ലാ സാമ്പത്തിക സ്ഥിതിയിലുള്ളവര്‍ക്കും വാങ്ങാനാകുന്ന തരത്തിലാണ് ഇത്തവണത്തെ മോഡലുകള്‍. ജൂണില്‍ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന തരത്തിലാണ് നിര്‍മാണ വര്‍ഷം. ബാഗിനൊപ്പം നല്‍കേണ്ട കളിക്കോപ്പുകള്‍, ലഞ്ച് ബാഗുകള്‍ ഉള്‍പ്പെടെ എല്ലാം വിതരത്തിന് തയറാണ്. പക്ഷെ ലോക്ഡൗണില്‍ എല്ലാം കുടുങ്ങി. സ്കൂള്‍ തുറക്കുന്നതോടെ ബാഗുകളൊക്കെ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കമ്പനികളും ചെറുകിട, ഗാര്‍ഹിക നിര്‍മാതാക്കളും. ഇല്ലെങ്കില്‍ ഈ മേഖലയെ സാരമായി ബാധിക്കും
കെ.സി. പിള്ള,
ഡയറക്ടര്‍, കിറ്റക്സ് ലിമിറ്റഡ്
ലോക്ഡൗണ്‍ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ബാധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ ബാഗും കുടയുമൊക്കെ മതിയെന്ന തീരുമാനത്തിലാണ് അധികം രക്ഷിതാക്കളും കുട്ടികളും. അങ്ങനെ വന്നാല്‍ സ്കൂളുകള്‍ തുറന്നാലും വിപണിയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് നീങ്ങുന്നത് നോട്ടുബുക്കുകളുടെയും പഠനോപകരണങ്ങളുടെയും വിപണനത്തെയും ബാധിക്കും. സ്കൂള്‍ വിപണിക്കൊപ്പം അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്ക്കുമാവശ്യമായ ഓഫീസ് ബാഗുകളും ലഞ്ച് ബാഗുകളുമൊക്കെ സ്കൂള്‍ വിപണിക്കൊപ്പം വിറ്റുപോകേണ്ടതാണ്.
കുട വിപണിയുടെ കാര്യം ഇതിലും വ്യത്യസ്തം. മഴക്കാലം തീര്‍ന്നിട്ടാണ് സ്കൂളുകള്‍ തുറക്കുന്നതെങ്കില്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാകില്ല. അല്‍പ്പം വൈകിയാലും വിപണി നിര്ജ്ജീവമാകരുതേയെന്ന പ്രാര്‍ത്ഥനയിലാണ് നിര്‍മാതാക്കളും വ്യാപാരികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: