കാസര്‍കോട്: പൈവളികെ ഗ്രാമപഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിക്കുകയും, ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജീവനക്കാരും, ജനപ്രതിനിധികളും നിരീക്ഷണത്തില്‍ പോകുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും ഹാജര്‍ ചുമതലകളും ക്രമീകരിച്ച് ഉത്തരവുണ്ടാകണമെന്ന് കേരള എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നിലവില്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ ഭയാശങ്കയോടുകൂടി ഓഫീസ് വാഹനത്തില്‍ യാതൊരുവിധ സാമൂഹ്യഅകലവും പാലിക്കാന്‍ സാധിക്കാതെ കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് ഓഫീസില്‍ ഹാജരാകുന്നത്. പല ഓഫീസ് മേധാവികളും വാഹന സൗകര്യം ജീവനക്കാര്‍ക്ക് അനുവദിക്കുന്നില്ല. കൃത്യമായി അണുനശീകരണം നടത്താന്‍ സംവിധാനമില്ലാത്ത പഞ്ചായത്ത് വാഹനത്തില്‍ ഹോട്ട്സ്പോട്ട് മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ ജീവനക്കാര്‍ ഹാജരാകുവാന്‍ നിര്‍ബന്ധിക്കുന്ന ഉത്തരവുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്. ഇളവ് അനുവദിച്ചിട്ടുള്ള ഗര്‍ഭിണികളും, ഭിന്നശേഷിക്കാരും ഉള്‍പ്പെടെ ജില്ലയിലെ വിവിധ പഞ്ചായത്തില്‍ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ ഹാജരാകുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ മടക്കയാത്ര, ഭക്ഷണം ഇവയുടെ കാര്യത്തില്‍ ഇടപെടേണ്ടി വന്നിട്ടുള്ള ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും ആശങ്കയിലുമാണ്. യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഉത്തരവുകള്‍ പുനപരിശോധിക്കുകയും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ഓഫീസിന്റെ ഹാജര്‍ നില ക്രമീകരിക്കുകയും കര്‍ശന നിയന്ത്രണം നടപ്പിലാക്കുകയും വേണം.
സുരക്ഷിതമായ യാത്രാസൗകര്യം ജീവനക്കാര്‍ക്ക് ഉറപ്പുവരുത്തി ഭയാശങ്കകള്‍ അകറ്റി ജോലിക്ക് ഹാജരാകുവാന്‍ നടപടിയുണ്ടാകണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സി.വിജയന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: