മലയാള ചെറുകഥാ സാഹിത്യത്തിലെ രണ്ടു അതികായന്മാരാണ് ടി. പത്മനാഭനും എം.ടി. വാസുദേവന്‍ നായരും. എംടിയുടെ കഥകളില്‍ പത്മനാഭന് പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല. പക്ഷേ പത്മനാഭന്റെ കഥകളില്‍ രണ്ടു തവണ എംടി പ്രത്യക്ഷപ്പെടുന്നുണ്ട്. പത്മനാഭന് മദിരാശിയില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന നാളില്‍ എഴുതിയ ഒരു കഥയാണ് ‘കഥാകൃത്ത് കുരിശില്‍.’ തന്റെ നാടായ കണ്ണൂരിലേക്ക് മടങ്ങുമ്പോള്‍ തന്നെ കാണാനും തന്നോടു സംസാരിക്കാനും ദാഹിച്ചുകൊണ്ടു ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷനില്‍ തന്റെ വണ്ടിയുടെ വരവും കാത്തുനിന്നിരുന്ന ഒരുയുവ കാഥികനെപ്പറ്റി അതില്‍ പറയുന്നുണ്ട്. അത് എംടി തന്നെ. എംടി കഥകളെഴുതി പ്രശസ്തിയിലേക്കു ഉയര്‍ന്നുവരുന്ന കാലം. വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് റേഡിയോ നിലയത്തിലേക്ക് ഒരു കഥ വായിച്ചു റിക്കോര്‍ഡ് ചെയ്യാന്‍ പോയപ്പോഴുള്ള അനുഭവങ്ങളെപ്പറ്റിയുള്ള കഥയാണ് ‘മനുഷ്യ പുത്രന്.’ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കാലത്തെ എംടിയാണ് അതില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ആ ഭാഗം:
ആരെയെങ്കിലും കാണണമെന്നോ, ആരോടെങ്കിലും സംസാരിക്കണമെന്നോ അയാള്‍ക്കുണ്ടായിരുന്നില്ല. കഴിയുന്നേടത്തോളം ആരും തന്നെ കണ്ടുമുട്ടരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന. പക്ഷേ ലവല്‍ ക്രോസിങ് കഴിഞ്ഞ് ഏതാനും വാര നടന്നപ്പോള്‍ പരിചിതമായ ഒരു നാദം കേട്ടു.
”അവന്റെ ഒരു തൊക്കഡാസ് കുടയും നടത്തവും.
”ഇഡിയറ്റ്”
ആ ശബ്ദങ്ങളുടെ ഉടമസ്ഥന്മാര് ഒരു പു
തിയ ഫിയറ്റ് കാറില്‍ നിന്നിറങ്ങിവന്നു. രണ്ടുപേരും അയാളുടെ സ്നേഹിതന്മാരായിരുന്നു ‘കോങ്കോബിനെപ്പോലുള്ള ഒരു ചിത്രകാരനും’
‘വിഗ്മി’യെപ്പോലുള്ള ഒരു ലേബര്‍ ഓഫീസറും.
ചിത്രകാരന് ചോദിച്ചു: ”നീ എന്തിന് ഈ പട്ടണത്തില്‍ വന്നു?”
അയാള്‍ പറഞ്ഞു: ”വെറുതെ”
”വെറുതെ ഇവിടെ വരുവാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കാറില്ല.”
ലേബര്‍ ഓഫീസര്‍ ചോദിച്ചു ”നീ എപ്പോള്‍ പോകും?”
”രാവിലെ”
”എന്നാല്‍ രാത്രി അങ്ങോട്ടു വരൂ”
അയാള്‍ മന്ദഹസിച്ചുകൊണ്ട് ചങ്ങാതിയുടെ കൈപിടിച്ചമര്‍ത്തി. സ്നേഹിതാ, നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയുന്നില്ല. നിങ്ങളുടെ കാറും വീടും പുസ്തകങ്ങളും പണവും എല്ലാം മറ്റുള്ളവര്‍ക്കുള്ളതാണ്. എത്ര തവണ ഞാന്‍ നിങ്ങളുടെ വീട്ടില്‍ ചോദിക്കാതെ തന്നെ വന്നു താമസിച്ചു! എത്ര തവണ ഒന്നും പറയാതെ അവിടെ നിന്നു പോവുകയും ചെയ്തു. എങ്കിലും ഇന്ന് എനിക്കു വരാന്‍ വയ്യ. വിശേഷിച്ചു കാരണമുണ്ടായിട്ടൊന്നുമല്ല എങ്കിലും…
കാറിന്റെ പിന്‍സീറ്റില്‍ രണ്ടുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരും അയാളുടെ പരിചയക്കാര് തന്നെയായിരുന്നു. പക്ഷേ, അവര്‍ അയാളെ കണ്ടഭാവം നടിക്കുകയുണ്ടായില്ല. അവര്‍ സിഗരറ്റ് വലിച്ചൂതിക്കൊണ്ടിരുന്നു.
അവരില്‍ കഷ്ടിച്ചു മീശ കിളുര്‍ക്കുക മാത്രം ചെയ്തിട്ടുള്ള ചെറുപ്പക്കാരനെ ചൂണ്ടിക്കൊണ്ടു ചിത്രകാരന് ചോദിച്ചു ”ഇദ്ദേഹത്തെ അറിയുമോ?”
അയാള്‍ അറിയുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
”ഇദ്ദേഹമാണ് സുപ്രസിദ്ധ കഥാകൃത്തായ- നായര്‍”
അപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ല. പുഞ്ചിരിക്കുക മാത്രം ചെയ്തു.
സുപ്രസിദ്ധ കഥാകൃത്തായ നായര്‍ കാറിന്റെ പിന്‍സിറ്റീല്‍ ചാരിക്കിടന്നു പുകവലിച്ചുകൊണ്ടിരുന്നു.
ഏകനായി കടല്‍ക്കരയിലേക്കു നടന്നപ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു. എപ്പോഴാണ് നായരെ ഒടുവില്‍ കണ്ടത്? ഒരു മൂന്നു കൊല്ലമായിക്കാണും. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നായരെ ആളില്ലാത്ത ഒരു മൂലയില്‍ വിളിച്ചു പറയുകയുണ്ടായി. ”നിന്റെ കഥകളില്‍ കാണുന്ന സ്ത്രീകള്‍ക്ക് ഉയര്‍ന്ന മാറും തടിച്ച അരക്കെട്ടും പിന്നെ അതൊക്കെ മാത്രമേ ഉള്ളൂവെന്നു തോന്നുന്നല്ലോ. എന്തുപറ്റി ആ സ്ത്രീകളക്ക് ? അവര്‍ക്കു വേറെ അവയവങ്ങളൊന്നുമില്ലേ?” ചിത്രകാരനും ലേബര്‍ ആഫീസറും പരിചയപ്പെടുന്നതിനു മുന്‍പു തന്നെ അവര്‍ സ്നേഹിതന്മാരായി കഴിഞ്ഞിരുന്നു. രണ്ടു എഴുത്തുകാര്‍ തമ്മിലുള്ള കൃത്രിമമായ സ്നേഹ ബന്ധമായിരുന്നില്ല അത്. സാധാരണ രണ്ടു വിദ്യാര്‍ത്ഥികളെപ്പോലെ അവര്‍ പരിചയപ്പെട്ടു. ഒന്നിച്ചു താമസിക്കുകയും ഭക്ഷണം കഴിക്കുകയും സിനിമയ്ക്കു പോവുകയും ചെയ്തു.
ഇപ്പോള്‍ കറുത്ത ശരീരവും അത്രതന്നെ കറുത്തതല്ലാത്ത ഒരു ഹൃദയവുമുള്ള ചിത്രകാരന് അവരെ പരിചയപ്പെടുത്തുന്നു. പഴയ ചങ്ങാതി ഒന്നുമറിയാത്തവനെപ്പോലെ കാറില്‍ ചാരിക്കിടന്നു പുക വലിച്ചൂതിക്കൊണ്ടിരിക്കുന്നു.
സുപ്രസിദ്ധനായ എന്റെ സുഹൃത്തേ നിങ്ങളെ ഞാന്‍ ഇനിയും ഓര്‍മിക്കും. സ്നേഹിക്കുകയും ചെയ്യും. നിങ്ങള്‍ക്കു നല്ലതു വരട്ടെ!
അയാള്‍ എന്തോ ഓര്‍ത്തു പുഞ്ചിരിച്ചു.
(എങ്കിലും ആരെങ്കിലും അപ്പോള്‍ അയാളുടെ ഹൃദയം പരിശോധിച്ചുവെങ്കില്‍ അവിടെ വിഷാദം കാണുമായിരുന്നു. അങ്ങനെ എല്ലാവര്ക്കും എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന ഒന്നാണ് അതെങ്കില്‍)
തൊട്ടതെല്ലാം പൊന്നാക്കാനുള്ള ഒരു അദ്ഭുത സിദ്ധിയാല്‍ അനുഗൃഹീതനായ ഒരു പ്രതിഭാശാലിയാണ് എം.ടി. ചെറുകഥ, നോവല്‍, ആത്മകഥ, യാത്രാവിവരണം എന്നീ മേഖലകളിലെന്നപോലെ സിനിമയില്‍ തിരക്കഥാകൃത്ത്, സംവിധായകന് എന്നീ രംഗങ്ങളിലും എംടിയുടെ നേട്ടം അദ്ഭുതാവഹമാണ്. ഇന്ന് ഇന്ത്യയിലുള്ള പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാനാണ് എംടി. 1993 മുതല്‍ നവരാത്രി കാലത്ത് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് അവിടെ പണ്ടേയുണ്ട്. ഇന്നവിടെ വര്‍ഷന്തോറും നടന്നുവരുന്ന, രാമായണം, മഹാഭാരതം, മഹാഭാഗവതം, ഹരിനാമ കീര്‍ത്തനം എന്നിവ വിരചിച്ച ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ എഴുത്താണി വഹിച്ചുകൊണ്ടുള്ള എഴുന്നെള്ളിപ്പും തുഞ്ചന്‍ ഉത്സവവും എംടിയുടെ സംഭാവനയാണ്. ഭാരതത്തിലെ വിവിധ ഭാഷകളിലെ എഴുത്തുകാര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങുകള്‍, പ്രശസ്ത കലാകാരന്മാര് പങ്കെടുക്കുന്ന സംഗീതക്കച്ചേരികള്‍, നൃത്ത നൃത്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന തുഞ്ചന്‍ ഉത്സവത്തില്‍ പങ്കാളിയാവാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും കൊതിക്കുന്നു. ഇന്നവിടെ കാണുന്ന റഫറന്‍സ് ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, എഴുത്തുകാരുടെ ചിത്ര ഗ്യാലറി, കെട്ടിട സമുച്ചയങ്ങള്‍ എല്ലാം എംടിയുടെ നേട്ടങ്ങളാണ്.
ഇന്നുവരെ ടി. പത്മനാഭന് അവിടേയ്ക്കു ക്ഷണിക്കപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. പരസ്യമായി മാന്യമായ രീതിയില്‍ അവിടം സന്ദര്‍ശിക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കണമെന്നും അദ്ദേഹത്തിന്നു അതിയായ ആഗ്രഹമുണ്ട്. പക്ഷേ എം.ടി. വാസുദേവന്‍ നായര്‍ അദ്ദേഹത്തെ ക്ഷണിക്കില്ല! ഒരു പു
ലര്വേളയില് ഏകനായി തുഞ്ചന്‍ സ്മാരകത്തിനു സമീപം നടന്നുചെന്നു കണ്ടു. ടി. പത്മനാഭന് മടങ്ങുന്നത് കണ്ടതായി ചില തിരൂര്‍ നിവാസികള്‍ അവകാശപ്പെടുന്നുണ്ട്. ഇടതുപക്ഷക്കാരായ മൂന്നാംകിട എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കള്‍ വരെ തുഞ്ചന്‍ സ്മാരകത്തില്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. ആരേയും ആദരിക്കരുതെന്നല്ല. പക്ഷേ സമാദരണീയരായ പി. പരമേശ്വരന്, ആര്.ഹരി, എം.എ. കൃഷ്ണന് എന്നിവരെ ഇക്കാലമത്രയും അവിടുത്തെ പരിപാടികള്‍ക്കു ക്ഷണിച്ചിട്ടില്ല എന്നത് ഖേദകരമാണ്. വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പരമേശ്വര്‍ജിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. മറ്റിരുവരേയും പറ്റി ഏതാനും വാക്കുകള്‍ പറയട്ടെ. ആദ്യം ആര്.ഹരിയെപ്പറ്റി:
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഹ്വാനപ്രകാരം സത്യഗ്രഹമനുഷ്ഠിച്ചു 1948-ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അഞ്ച് മാസം തടവുശിക്ഷ അനുഭവിച്ചു. 1951 മുതല്‍ സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി. കേരള പ്രാന്തപ്രചാരക്, അഖില ഭാരത സഹബൗദ്ധിക് പ്രമുഖ്, അഖിലഭാരത ബൗദ്ധിക് പ്രമുഖ്, ആസ്ട്രേലിയ-ഏഷ്യ ഭൂഖണ്ഡങ്ങളിലെ പ്രവര്‍ത്തന മാര്‍ഗദര്‍ശി. 1961-ല്‍ ലിഥുവാനിയയില്‍ ക്രൈസ്തവ-ജൂത മതങ്ങളുടെ പ്രതിനിധി സഭയില്‍ പങ്കാളി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൈന്ദവ സംഘടനാ പ്രവര്‍ത്തനത്തിനായി അഞ്ചു ഭൂഖണ്ഡങ്ങളില്‍ 22 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2001-ല്‍ ചുമതലകളില്‍ നിന്ന് വിരമിച്ചശേഷം എഴുത്തും വായനയുമായി ‘മാധവനിവാസില്‍’ കഴിയുന്നു. സംസ്കൃതം, കൊങ്കണി, മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ അവഗാഹം നേടിയിട്ടുണ്ട്. മലയാളത്തില്‍ 17 മൗലിക കൃതികള്‍ക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്ന് കനപ്പെട്ട 9 ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ഹിന്ദിയില്‍ എട്ടും കൊങ്കിണിയില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. തമിഴില്‍നിന്ന് തിരുവള്ളുവരുടെ ‘തിരുക്കുറള്‍’ കൊങ്കണി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ഗുരുജി എം.എസ്. ഗോള്‍വല്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഹിന്ദിയില്‍ സാഹിത്യ സര്‍വ്വസ്വം സങ്കലനം ചെയ്തത് ഹരിയാണ്. കൂടാതെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ എട്ട് ഗ്രന്ഥങ്ങള്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ആര്. ഹരിയോളം ഔന്നത്യമുള്ള മറ്റൊരു ബുദ്ധിജീവിയെ കേരളത്തില്‍ (ഇന്ത്യയില്‍ തന്നെ) നിങ്ങള്‍ക്കു കാട്ടിത്തരാമോ?
സംസ്കൃതത്തില്‍ ഉന്നതബിരുദങ്ങള്‍ നേടി അദ്ധ്യാപകനായിരിക്കെയാണ് എം.എ. കൃഷ്ണന് രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുന്നത്. ജോലി രാജിവെച്ചു സ്വജീവിതം അദ്ദേഹം സംഘത്തിനു വേണ്ടി സമര്‍പ്പിച്ചു. പ്രചാരകനായി മാറി. പ്രചാരകനായിരിക്കെയാണ് ‘കേസരി’യുടെ പത്രാധിപത്യം ഏറ്റെടുക്കാനായി കോഴിക്കോട്ടെത്തിയത്. ഭാരതപ്പുഴയുടെ മഹത്വം കേരളീയരെ ആദ്യമായി മനസ്സിലാക്കാന്‍ ശ്രമിച്ചത് എം.എ. കൃഷ്ണനാണെന്ന സത്യം ഇന്ന് എത്ര പേര്‍ക്ക് അറിയാം? നിളാ നദി അല്ലെങ്കില്‍ ഭാരതപ്പുഴയുടെ നാശത്തെപ്പറ്റി ഇന്ന് ഭരണ-പ്രതിപക്ഷക്കാരും സാഹിത്യ സാംസ്കാരിക നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ശബ്ദകോലാഹലത്തോടെ ചര്‍ച്ചചെയ്യുന്നു. പക്ഷേ ദശകങ്ങള്‍ക്ക് മുന്‍പ് ഭാരതപ്പുഴയുടെ മഹത്വം കേരളീയരെ അറിയിക്കാന്‍ 1928-ല്‍ കൊല്ലം ജില്ലയിലെ ഐവര്കാലയില് ജനിച്ച എം.എ. കൃഷ്ണന് നടത്തിയ മഹത്തായ ശ്രമത്തെപ്പറ്റി ഇവരാരും ഒരക്ഷരം പറഞ്ഞുകേട്ടിട്ടില്ല.
‘നിളയുടെ ഇതിഹാസം’ എന്ന പേരില്‍ 1971-ലെ ‘കേസരി’വാര്‍ഷികപ്പതിപ്പ് ഒട്ടാകെ ഭാരതപ്പുഴയ്ക്കു വേണ്ടിയാണ് സമര്‍പ്പിച്ചത്. നിളയുടെ മാഹാത്മ്യം കൊണ്ടുനിറഞ്ഞതാണ് ആ വാര്‍ഷികപ്പതിപ്പ്. ചരിത്രമുറങ്ങുന്ന തിരുനാവായിലെ നാവാമുകുന്ദ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹവും ക്ഷേത്രവും തെളിഞ്ഞുകാണുന്ന ചിത്രമായിരുന്നു മുഖചിത്രം. ഭാരതപ്പുഴയുടെ ഉത്ഭവം മുതല്‍ പൊന്നാനിയില്‍ കടലില്‍ ലയിക്കുന്നതുവരെയുള്ള അതിന്റെ ഗതിവിഗതികള്‍ ചിത്രീകരിക്കുന്ന ഒരു മാപ്പ് പ്രഗത്ഭനായ ഒരു എഞ്ചിനീയറെക്കൊണ്ട് വരിപ്പിച്ചത് അതില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇരുകരകളിലും ജീവിച്ച മഹാന്മാരേയും ചരിത്ര സംഭവങ്ങളേയും അവിടെ ഉയര്‍ന്ന സ്ഥാപനങ്ങളെയും സംസ്കാരങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുള്ളതാണ് അത്. തീര്‍ച്ചയായും ഭാരതപ്പുഴയെപ്പറ്റിയുള്ള ആദ്യത്തെ മലയാളത്തിലെ ആധികാരിക ഗ്രന്ഥമായി ആ വാര്ഷികപ്പതിപ്പിനെ കണക്കാക്കാം. നിളയെപ്പറ്റി ആത്മാര്‍ത്ഥമായി ചിന്തിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും തീര്‍ച്ചയായും ഒരു വഴി കാട്ടിയാകും ആ വാര്‍ഷികപ്പതിപ്പ്.
അദ്ദേഹത്തിന്റെ കാലത്ത് ഇറങ്ങിയ മറ്റു ഓണപ്പതിപ്പുകളും സ്മരണീയമാണ്. എഴുത്തച്ഛന്, പഴശ്ശിരാജ, സുബ്രഹ്മണ്യ ഭാരതി, ഭഗിനി നിവേദിത, സ്വാമി വിവേകാനന്ദന്, അരവിന്ദഘോഷ്, മഹാകവി ഉള്ളൂര്‍,ഡോ.അംബേദ്കര്‍ എന്നിവരുടെ മുഖചിത്രങ്ങളോടെ ഇറങ്ങിയ ഓണപ്പതിപ്പുകള്‍ അവരെക്കുറിച്ചുള്ള പഠനാര്‍ഹങ്ങളായ ലേഖനങ്ങളുള്ക്കൊണ്ടിരുന്നു. ഡോ. അംബേദ്കറുടെ ജന്മശതാബ്ദിക്ക് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും കനപ്പെട്ട വാര്‍ഷികപ്പതിപ്പ് ‘കേസരി’യുടേതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കോഴിക്കോടിനോടു വിട പറയുന്നതിനു മുന്‍പ് അദ്ദേഹം നല്കിയ രണ്ടു കനത്ത സംഭാവനകളാണ് ‘തപസ്യ’ എന്ന കലാ സാംസ്കാരിക സംഘടനയും ‘പ്രഗതി’ എന്ന ത്രൈമാസികയും. ‘മാധവനിവാസി’ലെ വിശ്രമകാലത്തും കര്‍മനിരതനാണ്. ഭാരതമൊട്ടാകെ പ്രശസ്തമായിക്കഴിഞ്ഞിരിക്കുന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ശോഭായാത്ര, ബാല സംസ്കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്, മയില്‍പ്പീലി മാസിക, അമൃതഭാരതി വിദ്യാപീഠം എന്നിവ വിശ്രമകാലത്തെ സംഭാവനകള്‍. മദ്ധ്യ കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം എം.എ.കൃഷ്ണന്റെ ഒരു വലിയ സ്വപ്നമാണ്.
ഇവയേക്കാളെല്ലാം മഹത്വപൂര്‍ണവും സാഹസികവുമായ ഒരു സംരംഭവും അദ്ദേഹം നടത്തി. തപസ്യ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ബൃഹത്തായ ഒരു യാത്രാ പരിപാടി അദ്ദേഹം സംഘടിപ്പിച്ചു. കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ പശ്ചിമഘട്ടത്തിന്റെ താഴ്വരയിലൂടെയും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ കടല്‍ത്തീരത്തിലൂടെയും സഞ്ചരിച്ചുകൊണ്ടും, നേടുന്ന അറിവുകള്‍ കടഞ്ഞെടുത്തുകൊണ്ടും എന്താണ് കേരളം? കേരളീയത്വം എന്നാല്‍ എന്ത്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കുക. ഭരണപരമായി തെക്കും വടക്കും മുറിച്ചു മാറ്റിയുള്ള കേരളീയ സങ്കല്‍പ്പമാണ് ഇന്നുള്ളത് എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പഴയ സങ്കല്‍പ്പത്തിലുള്ള കേരളത്തിന്റെ ഭൂപടം പോലും ഇന്ന് ലഭ്യമല്ല. കേരളത്തെ കണ്ടെത്താനുള്ള എം.എ. കൃഷ്ണന്റെ സംരംഭം വിജയകരമായി ലക്ഷ്യത്തിലെത്തും എന്ന് പ്രാര്‍ത്ഥിക്കാം.
(അടുത്തത്: ആചാര്യന്റെ മണ്ണില്‍ അനഭിമതര്‍)
കെ.എസ്. വേണുഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: