പ്രകൃതി സംരക്ഷണം എന്നത് മുദ്രവാക്യമല്ല ജീവിതശൈലി ആക്കുക എന്ന സന്ദേശവുമായി പര്യാവരണ്‍ സംരക്ഷണ ഗതിവിധിയുടെ ആഹ്വാന പ്രകാരം കേരളത്തില്‍ ഇന്ന് ലക്ഷക്കണക്കിന് തുളസിതൈകള്‍ സ്വഭവനങ്ങളില്‍ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ മേഖലയില്‍ ഒരു ദിവസം കൊണ്ട് ലക്ഷത്തില്‍പരം തുളസി തൈകള്‍ നട്ടത് ബൃഹത്തായ സാമൂഹ്യ പദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ”തുലാന അസ്യതി ഇതി തുളസി” ”തുല (ഉപമ)യില്ലാത്തവള്‍ എന്നര്‍ത്ഥത്തിലാണ് തുളസി എന്ന നാമമുണ്ടായത്.
ആയിരക്കണക്കിന് കൊല്ലം മുമ്പുതന്നെ ആയുര്‍വേദ ഭിഷഗ്വരന്മാര്ക്ക് തുളസിച്ചെടിയിലെ അമൂല്യമായ ഔഷധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലും പരാമര്‍ശമുണ്ട്. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചുവരുന്നു. ലിനോലിക് ആസിഡ്, റോസ് മാരിനിക് ആസിഡ്, ഇഗുനോള്‍, കര്‍വാക്കോള്‍, ലിനാലോള്‍, കാരിയോഫൈലിന്‍ തുടങ്ങിയ രാസവസ്തുക്കളടങ്ങിയിരിക്കുന്നു. ഇകോളി ബാക്ടീരിയയ്ക്കെതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി.
നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ഔഷധ ഗുണവുമുള്ള സസ്യമാണ് തുളസി. പ്ളാനേറ്റെ സാമ്രാജ്യത്തിലെ ഒസിമം ജനുസ്സില്‍പ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് ഒസിമം സാങ്റ്റം എന്ന ശാസ്ത്രനാമമുള്ള നമ്മുടെ തുളസി. സംസ്കൃതത്തില്‍ സുരസ, ഗ്രാമ്യ, ഗൗരി, ഭുത്ഘനി, സുലഭ, ബഹുമഞ്ജരി, എന്നിങ്ങനെ ഒട്ടേറെ പേരുകളില്‍ വിളിക്കപ്പെടുന്ന തുളസി ഹിന്ദിയില്‍ തുലസി, തെലുങ്കില്‍ തുളുചി, തമിഴില്‍ തുളചി എന്നിങ്ങനെ പറയപ്പെടുന്നു.
ബെംഗളൂരുവിലെ ബയോളജിക്കല്‍ സയന്‍സസിന്റെ ദേശീയകേന്ദ്രം 2014ല്‍ നടത്തിയ ഗവേഷണങ്ങള്‍ തുളസിയെന്ന ചെടിയുടെ അദ്ഭുതസിദ്ധികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി. ആന്റി ബാക്ടീരിയലായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീഗുണങ്ങളും കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. തുളസിയില്‍ കര്‍പ്പൂരത്തോട് സാമ്യമുള്ള ബാസില്‍ കാംഫര്‍ എന്ന തൈലം അടങ്ങിയിരിക്കുന്നു.
ഒരു ഗ്ലാസ് വെള്ളത്തില്‍ അല്പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ആ തുളസിയിലകള്‍ കടിച്ചു തിന്നുകയുമാകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നല്കുന്ന മാര്‍ഗമാണിത്. രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
പനി,ജലദോഷം മുതലായവക്ക് ഒരു പ്രകൃതിദത്ത ഔഷധം. തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളം നല്ലതാണ്. മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക. തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ കാന്തി വര്‍ദ്ധിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ആസ്ത്മ എന്നിവക്ക് പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: