കറാച്ചി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്ഭജന് സിങിനെ ഹോട്ടല്‍ മുറിയിലെത്തി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍.
ഹര്‍ഭജനോടു അന്നത്തെ മല്‍സരത്തിനുശേഷം കടുത്ത രോഷം തോന്നിയതായി അക്തര്‍ വെളിപ്പെടുത്തി. ഭാജിയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. തല്ലാന്‍ മുറിയിലേക്കു പോവുകയും ചെയ്തു. ലാഹോറില്‍ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ഒരുമിച്ച് കറങ്ങാന്‍ വരികയും ചെയ്തിരുന്നയാളാണ് ഹര്ഭജന്. തങ്ങളുടെ സംസ്കാരവും ഒരുപോലെയാണ്. തന്നെപ്പോലെ അദ്ദേഹവും പഞ്ചാബി സഹോദരനാണ്. എന്നിട്ടും ഭാജി തന്നോട് മോശമായി പെരുമാറി. ഹോട്ടല്‍ മുറിയില്‍ പോയി ഭാജിയോടു തല്ലുണ്ടാക്കാന്‍ അന്നു ആലോചിച്ചിരുന്നു. താന്‍ വരുമെന്ന് ഭാജിക്കു തോന്നുകയും ചെയ്തിരുന്നു. താന്‍ മുറിയിലെത്തിയപ്പോള്‍ ഭാജി അവിടെ ഇല്ലായിരുന്നു. തൊട്ടടുത്ത ദിവസമായപ്പോഴേക്കും തന്റെ കോപം കുറച്ചു അടങ്ങി. ഭാജി തന്നോടു മാപ്പു ചോദിക്കുകയും ചെയ്തതായി അക്തര്‍ പറയുന്നു.
2010ല്‍ ശ്രീലങ്കയിലെ ദാംബുള്ളയില്‍ നടന്ന ഇന്ത്യ- പാകിസ്താന് പോരാട്ടത്തിനിടെയാണ് ഭാജിയും അക്തറും തമ്മില്‍ കളിക്കളത്തില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറിയത്. മല്‍സരത്തില്‍ ഹര്‍ഭജനും അക്തറും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കം കളിയുടെ 47-ാം ഓവറിലായിരുന്നു. ഈ ഓവറില്‍ അക്തറിനെതിരേ ഭാജി ലോങ് ഓണിലൂടെ തകര്‍പ്പനൊരു സിക്സര്‍ പായിച്ചിരുന്നു. ഈ സിക്സറിനു ശേഷം അസ്വസ്ഥനായ അക്തര്‍ ഭാജിയുടെ ശരീരം ലക്ഷ്യമിട്ട് ചില ബൗണ്‍സറുകള്‍ എറിയുകയും ചെയ്തു. ഇതു ഇരുവരും തമ്മിലുള്ള വാക്പോരിനും വഴിയൊരുക്കി. കളിയുടെ അവസാന ഓവര്‍ വരെ അക്തറും ഹര്‍ഭജനും തമ്മിലുള്ള ഈ വാക്പോര് തുടരുകയും ചെയ്തു.
മൂന്നു വിക്കറ്റിനായിരുന്നു പാകിസ്ഥാനെ ഇന്ത്യ അന്നു കീഴടക്കിയിരുന്നു. ഇന്ത്യക്കു രണ്ടു പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ മുഹമ്മദ് ആമിറിനെതിരേ സിക്സര്‍ പായിച്ച് ഭാജി നടത്തിയ ആക്രോശവും ആഹ്ലാദപ്രകടനവും ക്രിക്കറ്റ് ആസ്വാദകര്‍ മറന്നുകാണില്ല. യഥാര്‍ഥത്തില്‍ ഭാജിയുടെ അന്നത്തെ ആഹ്ലാദപ്രകടനം മുഴുവന്‍ അക്തറിനുനേരെയായിരുന്നു. കാരണം തൊട്ടുമുമ്പത്തെ ഓവറില്‍ ഇരുവരും തമ്മില്‍ ചൂടേറിയ വാക്പോര് നടന്നിരുന്നു. ഇതു തന്നെയാണ് അക്തറിനെ ലക്ഷ്യമിട്ട് ഭാജി ആക്രോശിക്കാനുള്ള പ്രധാന കാരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: