കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ നടത്താനാവില്ലെന്ന് പറഞ്ഞ് തരിച്ചയച്ച നിര്‍ധനനായ രോഗിക്ക് ആവശ്യമെങ്കില്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
വയനാട് ആയിരംകൊല്ലി ആറ്റുപറമ്പില്‍ വീട്ടില്‍ എ.കെ. ചന്ദ്രന് (61) അടിയന്തരമായി പിത്താശയ സഞ്ചിയില്‍ ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ കോളേജിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ടി.പി. മുജീബ് റഹ്മാന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കല്‍ കോളേജ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ചന്ദ്രന് കോഴിക്കോട്ടെ ഒരു സ്വകാര്യാശുപത്രിയെ സമീപിച്ചതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചന്ദ്രന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള പണം നല്കാനുണ്ടായിരുന്നില്ല. തന്റെ പേരിലുള്ള ഇന്‍ഷ്വറന്‍സ് പോളിസിയില്‍ നിന്നും പണം എടുക്കാന്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതിയില്‍ പറയുന്നു.
ചന്ദ്രന്റെ മകന് ഓട്ടോറിക്ഷ ഡ്രൈവറാണ്. ലോക്ഡൗണായതിനാല്‍ മകന്റെ കൈയിലും പണമില്ല. ചന്ദ്രന്റെ ആരോഗ്യസ്ഥിതി അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്നതായി പരാതിയില്‍ പറയുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഗുരുതര രോഗങ്ങളുള്ളവരുടെ ചികിത്സ മുടക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് ചികിത്സ നിഷേധിച്ചതായി കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: