Categories: Kerala

തട്ടിപ്പും വെട്ടിപ്പുമായി മുന്നോട്ട് പോകുക; കാവിയുടുത്ത് സഖാവായി നാട്ടുകാരെ പറ്റിക്കുക; തുളസീദാസെന്ന സാന്ദീപാനന്ദ ഗിരിയുടെ ഇതുവരെയുള്ള ജീവിതം

Published by

കാലചക്രത്തിന്റെ ഗതിക്കനുസരിച്ച് സമൂഹത്തില്‍ തട്ടിപ്പും വെട്ടിപ്പുമായി മുന്നോട്ട് പോകുക… ഇതിനെല്ലാം മറയായി അന്തംകമ്മി വേഷവും ന്യൂനപക്ഷ പ്രേമവും എടുത്തണിയുക… എന്നിട്ട് കാവിയുടുത്ത് നാട്ടുകാരെ പറ്റിക്കുക… ഇതാണ് തുളസീദാസെന്ന സാന്ദീപാനന്ദ ഗിരിയുടെ ഇതുവരെയുള്ള ജീവിതം

കോഴിക്കോട് വളയനാട് ക്ഷേത്രത്തിനു സമീപമുള്ള നായര്‍ തറവാട് കൃഷ്ണലീലയില്‍ സി പി രാമ കുറുപ്പിന്റെയും രാധമ്മയുടെയും മകനാണ് തുളസീദാസ്. ഗുരുവായൂരപ്പന്‍ കോളേജിലാണ് പഠിച്ചത്. സാമ്പത്തികമായി കുഴപ്പമില്ലത്ത കുടുംബം. തുളസീദാസിന് പച്ച ബുള്ളറ്റും ഉണ്ട്. ആ കാലത്ത് അവിടെ ബുള്ളറ്റ് ഉള്ളവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അതുകൊണ്ട് തുളസീദാസിന് കാമുകിമാരും സുലഭം. കാമുകിമാരില്‍ ഒരാളോടൊപ്പം റോഡിലൂടെ ഒരു കുടക്കീഴില്‍ പോകുമ്പോള്‍ കാമുകിയുടെ അച്ഛന്‍ കണ്ടു. 

കയ്യിലിരുന്ന കാലന്‍ കുടകൊണ്ട് തുളസീദാസിനെ പൊതിരെ തല്ലി. മകളെ പിടിച്ച് വീട്ടില്‍ കൊണ്ടുപോയി. സംഭവം നാടാകെ പാട്ടായി ‘ഒരു കുടക്കീഴില്‍ ‘ എന്ന പേരും വീണു. നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത തുളസീദാസ് എറണാകുളത്തേക്ക് ഫോട്ടോ ലാമിനേഷന്‍ ജോലിയുമായി പോയി. പ്രശ്നം ഒക്കെ ഒതുങ്ങിയപ്പോള്‍ തിരിച്ചെത്തി വീഡിയോ കാസറ്റ് കച്ചവടം തുടങ്ങി. ആ സമയത്താണ് ചിന്‍മയാമിഷന്റെ വീഡിയോ കാസറ്റ് പകര്‍ത്താനായി തുളസീദാസിനെ ഏല്‍പിക്കുന്നതും പിന്നിട് ചിന്‍മയ മിഷനുമായി ബന്ധപ്പെടുന്നതും.

കോഴിക്കോട് ചിന്‍മയ മിഷനിലെ ബ്രഹ്മചാരി പ്രബുദ്ധ ചൈതന്യയുടെ ഗീതാ ക്ലാസ്സില്‍ പങ്കെടുത്താണ് തുളസീദാസ് ഗീതാപഠനരംഗത്തേക്ക് വരുന്നത്. അത് ചിന്‍മയാ മിഷനില്‍ ചേരാനും കാരണമായി. മിഷനില്‍ രണ്ട് വര്‍ഷത്തെ ഗീത അടക്കം ഹിന്ദുധര്‍മ്മ ഗ്രന്ഥങ്ങള്‍ പഠിച്ചതിന് ശേഷം ബ്രഹ്മചാരി സന്ദീപ് ചൈതന്യ എന്ന നാമം സ്വീകരിച്ചു. എറണാകുളം ചിന്‍മയാ മിഷന്റെ ചുമതലയില്‍ വരുന്നു. എറണാകുളത്ത് 101 ദിവസത്തെ സമ്പൂര്‍ണ ഗീതാജ്ഞാന യജ്ഞത്തിന് ശേഷമാണ് സന്ദീപ് ചൈതന്യ ശ്രദ്ധിക്കപ്പെട്ടത്.

ഗീതായജ്ഞം നടക്കുന്ന സ്ഥലത്ത് കിട്ടുന്ന ഗുരുദക്ഷിണ അടക്കമുള്ള ധനം ചിന്‍മയാ മിഷന് ഉള്ളതാണ്. അത് കണക്കടക്കം മിഷന്റെ ആസ്ഥാനത്തേക്ക് അയച്ചു കൊടുക്കണം. അത്തരം ധനം കൊണ്ടാണ് മിഷന്റെ ആഗോളതലത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നതും. പക്ഷെ എറണാകുളത്തെ 101 ദിവസത്തെ പരിപാടിയിലെ ധനത്തില്‍ കൃത്രിമം കാണിക്കുകയും പിടിക്കപ്പെടുകയും ചെയ്തു. പരിപാടിയിലൂടെ സ്ഥാപിച്ചെടുത്ത ബന്ധമുപയോഗിച്ച് പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനവും സംഘടിപ്പിച്ചു. അതിലും സാമ്പത്തിക തട്ടിപ്പ് നടത്തി. മിഷന്‍ തിരുത്താനുള്ള അവസരം നല്‍കി. ഉപദേശങ്ങള്‍ ഒന്നും സന്ദീപ് ചൈതന്യ ചെവികൊള്ളാത്തതിന്റെ കാരണം ഇതെല്ലാം തന്റെ കഴിവു കൊണ്ടാണ് എന്ന അഹങ്കാരം മൂലമായിരുന്നു. അങ്ങനെയാണ് ചിന്‍മയാ മിഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരാളെ പുറത്താക്കേണ്ടി വരുന്നത്. പുറത്താക്കി എന്നല്ല സ്വയം പുറത്തു പോകാന്‍ ആവിശ്യപ്പെട്ടു എന്നതാണ് ശരി.

സന്ദീപ് ചൈതന്യയുടെ ബാച്ചില്‍ ബ്രഹ്മചര്യം സ്വീകരിച്ച എല്ലാവര്‍ക്കും സന്യാസദീക്ഷയും മിഷന്‍ നല്‍കി. സന്ദീപ് ചൈതന്യക്ക് സന്യാസദീക്ഷ നല്‍കിയില്ല. തുടര്‍ന്ന്.തിരുവനന്തപുരത്ത് സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയും പിറവി എന്ന മാസികയും തുടങ്ങി. ആര്‍ എസ് എസിന്റെ ഇഷ്ടം പിടിക്കാന്‍ കഴിവത് ശ്രമിച്ചു. ഭാരതീയ വിചാര കേന്ദ്രവുമായി അടുക്കുകയും പരിപാടികളില്‍ സജീവമാകുകയും ചെയ്തു. എസ്എഫ്‌ഐക്കാരനായിരുന്ന താന്‍ സന്യാസിയാകാന്‍ കാരണം പി പരമേശ്വരന്റെ പ്രസംഗം കേട്ടതാണെന്നും പറഞ്ഞു നടന്നു.

സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയിലും സാമ്പത്തിക തിരിമറി ആരോപണം ഉണ്ടാവുകയും, ടൂര്‍ സംഘടിപ്പിച്ച് വഞ്ചിക്കുകയും ചെയ്തെന്ന ആരോപണം നേരിടുകയും ചെയ്തതോടെ അതുവരെ ഉണ്ടായിരുന്ന സഹായം നിലച്ചു. പിന്നെയാണ് സന്ദീപ് ചൈതന്യ പുതിയ ബന്ധങ്ങള്‍ തേടിയത്. ആര്‍ എസ് എസിനേയും മാതാ അമൃതാന്ദമയിയെയും പുലഭ്യം പറഞ്ഞ് സിപിഎമ്മുകാരുടെ തോഴനായി.

ചൈതന്യ എന്നത് ചിന്‍മയ മിഷനില്‍ ബ്രഹ്മചര്യം സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന നാമമാണ്. സന്യാസദീക്ഷ കിട്ടിയ സന്യാസിമാരുടെ പേരില്‍ സരസ്വതി എന്ന പേരും ഉണ്ടാകും. സന്ദീപ് ചൈതന്യയുടെ ചരിത്രവും തനിസ്വഭാവവും മനസിലാക്കിയ അനുയായികള്‍ ചൈതന്യ എന്ന നാമത്തെ ചോദ്യം ചെയ്യുകയും ചിന്‍മയാ മിഷനില്‍ നിന്ന് പുറത്താക്കിയവനാണെന്നും സന്യാസി അല്ലെന്നും പറഞ്ഞു പ്രശ്നമുണ്ടാക്കുകയും ചെയ്തു. അതിനു ശേഷമാണ് മഹാമണ്ഡലേശ്വര്‍ കാശികാനന്ദ ഗിരി മഹാരാജിന്റെ ആശ്രമത്തില്‍ എത്തുന്നത്. കാശികാനന്ദ ഗിരി സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ച് ചൈതന്യ ഒഴിവാക്കി ‘ഗിരി’ എന്ന് കൂട്ടി ചേര്‍ത്ത് സന്ദീപാനന്ദഗിരി എന്ന പേര് വരുന്നതും. പൂര്‍വ്വ ചരിത്രം അറിഞ്ഞ കാശികാനന്ദഗിരി സ്വാമികള്‍ ശിഷ്യത്വം നല്‍കിയെങ്കിലും സന്യാസദീക്ഷ നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് സന്യാസി ആവാന്‍ സാധിക്കാതെ സന്ദീപ് ‘ആനന്ദഗിരി’ എന്ന പേരുമായി പുതിയ മേച്ചില്‍പുറം തേടി. മുസ്ലീം മതമൗലികവാദികളും സന്യാസികളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരും യുക്തിവാദികളും സാന്ദീപാന്ദ ഗിരിയെ കൊണ്ടു നടക്കുന്ന കാഴ്‌ച്ചയാണ് കേരളം പിന്നീട് കണ്ടത്. ആശ്രമത്തിലെ പഴയ കാറിന് തീ ഇട്ട ശേഷം ആര്‍എസ്എസിനു മേല്‍ കെട്ടിവയ്‌ക്കാനുള്ള അപഹാസ്യശ്രമവും നടത്തി.

പുണ്യസ്ഥലങ്ങളിലേക്ക് ടൂര്‍ കൊണ്ടു പോകല്‍ പതിവാക്കിയ അയാള്‍ക്ക് അനുയായികള്‍ രഹസ്യമായി നല്‍കിയിരുന്ന പേരായിരുന്നു ‘ടൂറാനന്ദ ചൈതന്യ’. സ്ത്രീകളുമായി മാത്രം അടുത്ത ബന്ധം സ്ഥാപിക്കുകയും മറ്റുള്ളവരോട് വലിയ ജാട കാണിക്കുകയും ചെയ്തപ്പോള്‍ കിട്ടിയ പേരാണ് ജാടാത്മാനന്ദഗിരി. മറ്റൊരു പേരാണ് ജഗ ഷിബു എന്നത്. തിരുവനന്തപുരത്ത് സ്ത്രീലമ്പടനും തട്ടിപ്പുകാരനുയായിരുന്ന ജഗ ഷിബു എന്നൊരു വ്യക്തിയുണ്ടായിരുന്നു. ഇയാളുടെ സ്വഭാവവുമായി സാമ്യമുണ്ടായത് കൊണ്ടാണ് അനുയായികള്‍ രഹസ്യമായി പരിഹാസനാമമായി ജഗ ഷിബു എന്നു വിളിച്ചത്. അത് പിന്നീട് മറ്റുള്ളവര്‍ കേട്ട് ശരിക്കുള്ള പൂര്‍വ്വാശ്രമത്തിലെ പേരാണെന്ന് തെറ്റി ധരിക്കുകയും ചെയ്തു.

സന്യാസിമാരെ ആക്ഷേപിക്കുന്നതാണ് ഇപ്പോള്‍ സന്ദീപാനന്ദ ഗിരിയുടെ മുഖ്യ ആനന്ദം. തനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനെ കരിവാരിതേക്കുക എന്ന നിലവാരത്തിലാണ് ഇപ്പോള്‍ അദേഹത്തിന്റെ ജീവിതം. മാര്‍ഗ്ഗ ദര്‍ശകമണ്ഡല്‍ അധ്യക്ഷനും സര്‍വാദരണീയനുമായ സ്വാമി ചിദാനന്ദപുരിയെ ആക്ഷേപിച്ച് രംഗത്തെത്തിയതും ഈ വികൃതമനസിന്റെ ഉടമയായതു കൊണ്ടാണ്. സന്ദീപാനന്ദയുടെ ഈ നിന്ദ്യപ്രവൃത്തിക്കെതിരെ പ്രമുഖ സന്യാസിമാര്‍ രംഗത്തു വന്നിട്ടുണ്ട്. നേരത്തെ മാതാ അമൃതാന്ദ മയീ മഠത്തിനെതിരെയും സാന്ദീപാനന്ദ ആക്ഷേപം ചൊരിഞ്ഞിരുന്നു.

സന്ദീപാനന്ദയും ഒരു സ്ത്രീയും മാത്രം ആശ്രമത്തിലുള്ളപ്പോളാണ് വെളുപ്പാന്‍ കാലത്ത് മുറ്റത്തു കിടന്ന പഴയ കാറിന് തീപിടിച്ചത്. ആര്‍എസ് എസ് കാര്‍ തീയിട്ടതാണെന്ന് സന്ദീപാനന്ദ വിളിച്ചു കൂവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരം വെളുക്കും മുന്‍പ് പാഞ്ഞെത്തുകയും ചെയ്തു. അന്വേഷിച്ചവര്‍ സ്വാമിയോട് തത്വമസി യുടെ അര്‍ത്ഥം ചോദിച്ചതായിട്ടാണ് അറിവ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by