ന്യൂദല്‍ഹി: പിണറായി സര്‍ക്കാര്‍ നാട്ടില്‍ തിരിച്ച് എത്തിക്കില്ലെന്ന് ഉറപ്പായതോടെ ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് നടക്കാനൊരുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. കേരള ഹൗസും കൂടി കൈയൊഴിഞ്ഞതോടെയാണ് കടുത്ത തീരുമാനവുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെ ഒഴിപ്പിച്ച് അതെല്ലാം കോറന്റൈന് കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പെരുവഴിയിലായ പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് കേരളത്തിലേക്ക് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എത്താന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിനാവശ്യമായ 15 ലക്ഷം രൂപ വഹിക്കാമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചെങ്കിലും പിണറായി സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയില്ല. കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം, ട്രെയിനില്‍ വരുന്നവര്‍ക്കായി കര്‍ശന നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കി. കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദല്‍ഹിക്കു പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് കേരളം ചെയ്തിരിക്കുന്നത്. എന്നാല്‍ നിയമപരമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ രജിസ്ട്രേഷന് നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. അതിനാല്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: