കൊച്ചി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട ക്വാറന്റൈന് കാലാവധിയില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ പ്രതിരോധത്തിനായി നിരീക്ഷണ കാലാവധി തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ലെന്നും വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണമാണ് വേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ 14 ദിവസം നിരീക്ഷണം എന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, വാര്‍ത്താസമ്മേളനത്തിനിടെ ഈ നിര്‍ദേശം ഏഴു ദിവസമാക്കി മുഖ്യമന്ത്രി പിണറായി വിജയന് മാറ്റിയിരുന്നു.ഇതിനെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇതിനിടെയാണു പ്രവാസികളുടെ നിരീക്ഷണം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ എത്തിയത്. അന്നും പ്രവാസികളുടെ ക്വാറന്റൈന് കാലാവധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യത്യസ്ത നിലപാട് ആവര്‍ത്തിച്ചു. വിദേശത്ത് നിന്നെത്തുന്ന എല്ലാവര്ക്കും പതിനാല് ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാണെന്നാണ് കേന്ദ്രം അന്നു ഹൈക്കോടതിയെ അറിയിച്ചത്. റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ടുമായി വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമല്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച് മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഇളവ് തേടി കേരളം കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഇത് വിദഗ്ധ നിര്‍ദ്ദേശത്തിനായി വിട്ടിരിക്കുകയാണെന്നും, അപേക്ഷ ആരോഗ്യ മന്ത്രായലത്തിന്റെ പരിഗണനയില്‍ ആണെന്നും അന്ന് ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ഗള്‍ഫില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി വരുന്നവര്‍ക്ക് 14 ദിവത്തെ സര്‍ക്കാര്‍ നിരീക്ഷണം ആവശ്യമില്ലെന്ന് കേരളം ഹൈക്കോടതിയില്‍ നിലപാടെടുത്തു. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിരീക്ഷണത്തിന് ശേഷം വീടുകളില്‍ കഴിയുന്നത് പഞ്ചായത്ത് തല കമ്മിറ്റികളുടെ മേല്‍നോട്ടത്തിലണ്. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും 14 ദിവസം പ്രായോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
ക്വാറന്റൈന് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കേരളത്തിനും കേന്ദ്രത്തിനും വ്യക്തമായ പദ്ധതികള്‍ ഉണ്ടെന്നാണ് മനസ്സിലാകുന്നതെന്ന് ഹൈക്കോടതി അന്നു വ്യക്തമാക്കിയിരുന്നു. ഇതേവിഷയം ഇന്നു പരിഗണിക്കവേയാണു സംസ്ഥാന സര്‍ക്കാരിന്റെ നിരീക്ഷണ നിര്‍ദേശമല്ല, മറിച്ച കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശങ്ങളാണ് പാലിക്കേണ്ടതെന്നും 14 ദിവസം പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണം അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: