കോഴിക്കോട്: ജില്ലയില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി. മെയ് എട്ടിന് ദുബായില്‍ നിന്നെത്തിയ നരിപ്പറ്റ ചീക്കോന്ന് സ്വദേശിനിയായ 30 വയസ്സുള്ള ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ദുബായ്- കോഴിക്കോട് വിമാനത്തില്‍ ഇവര്‍ കരിപ്പൂരില്‍ ഇറങ്ങിയത്. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. നാല് വയസ്സുള്ള മകനോടൊപ്പമാണ് ഇവര്‍ നാട്ടിലെത്തിയത്.
സ്വകാര്യ വാഹനത്തിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 11 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം നടത്തിയ സ്രവ സാംപിള്‍ പരിശോധനയില്‍ ആണ് പോസിറ്റീവ് ഫലം ലഭിച്ചത്. ഇപ്പോള്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കോഴിക്കോട്, മലപ്പുറം, സ്വദേശികളായ രണ്ട് പേര് കൂടി കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
വീട്ടില്‍ ഗര്‍ഭിണിയുടെ അമ്മയാണ് പരിചരിക്കാനുണ്ടായിരുന്നത്. മറ്റ് കുടുംബാംഗങ്ങള്‍ അടുത്ത വീട്ടിലേക്ക് മാറി താമസിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെന്നും സാമൂഹ്യ വ്യാപനത്തിന് സാധ്യതയില്ലെന്നും പഞ്ചായത്ത് മെമ്പര്‍ ടി. ഗംഗാധരന് പറഞ്ഞു.
ജില്ലയില്‍ പുതുതായി വന്ന 406 പേര് ഉള്‍പ്പെടെ 4323 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ വന്ന 107 പേര് ഉള്‍പ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 159 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 211 പേര് വീടുകളിലുമാണ്. 14 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 55 പേര് ഗര്‍ഭിണികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: