തിരുവനന്തപുരം : ദല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തി. അറുനൂറിലധികം ആളുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ട്രെയിനെത്തിയത്. നാനൂറ് യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്.
തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ കൊറോണ വൈറസ് ലക്ഷണം കണ്ടെത്തിയ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട സ്വദേശിയേയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ നിന്നാണ് ഇയാളെത്തിയത്.
വലിയ സജ്ജീകരണങ്ങളാണ് യാത്രക്കാരുടെ പരിശോധനയ്‌ക്കായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാഭരണകൂടം ഒരുക്കിയിരിക്കുന്നത്. ട്രെയിനില്‍ നിന്നും 20 പേരടങ്ങുന്ന സംഘമായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 15 കൗണ്ടറുകളായി പരിശോധന നടത്തി നാല് ഗേറ്റുകളിലൂടെയാണ് ഇവരെ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. 25 കെഎസ്ആര്‍ടിസി ബസുകളിലായി സാമൂഹിക അകലം പാലിച്ച് ഇവരെ നാട്ടിലെത്തിക്കും.
കോഴിക്കോടും എറണാകുളത്തും ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 10ന് കോഴിക്കോട്ടെത്തിയ ആറ് യാത്രക്കാരില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 269 യാത്രക്കാരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മധ്യകേരളത്തില്‍ നിന്നുള്ള യാത്രക്കാരും ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് യാത്രക്കാരുമാണ് എറണാകുളത്ത് ഇറങ്ങിയത്.
വിവിധ ജില്ലകളിലേക്ക് 10 ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുപോയത്. സ്റ്റേഷനില്‍ വന്നിറങ്ങിയ എല്ലാ യാത്രക്കാരേയും കര്‍ശന ആരോഗ്യ പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം റെയില്‍വേ സ്റ്റേഷന്‍ അണുനശീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: