Categories: Editorial

കുടുംബ ബന്ധത്തിന്റെ ശീതളഛായയില്‍

Published by

ഇന്ന് ലോക കുടുംബ ദിനം. ആദിമ മനുഷ്യരില്‍ നിന്ന്, കുടുംബ വ്യവസ്ഥിതിയിലേക്കുള്ള പരിണാമമാണ് ഇന്നത്തെ ലോകക്രമത്തിന്റെ ആധാരം. ഭൂമിയില്‍ പിറവി കൊള്ളുന്ന ഒരോ മനുഷ്യജീവന്റേയും നിലനില്‍പ് സാധ്യമാക്കുന്നത് കുടുംബമാണ്. സാമൂഹ്യ ബോധമുള്ള വ്യക്തിയായി ഓരോരുത്തരും സംസ്‌കരിക്കപ്പെട്ടതും കുടുംബത്തിനുള്ളിലാണ്. ശക്തമായ കുടുംബ ബന്ധങ്ങളുടെ മഹത്വം മനസ്സിലാക്കുന്നതിനുള്ള അവസരമാണ്, ഈ കൊറോണ കാലത്തെ ലോക് ഡൗണ്‍ നമുക്ക് തന്നത്. ഒറ്റപ്പെട്ട തുരുത്തുകളല്ല യഥാര്‍ത്ഥ സന്തോഷം എന്ന് നമ്മള്‍ തിരിച്ചറിയുന്നു.

തിരക്കുകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നവര്‍ ഏകാന്തതയില്‍ ആനന്ദം കണ്ടെത്തി. കുടുംബാന്തരീക്ഷം പോലും അവരില്‍ വിരസതയുളവാക്കി. എന്നാല്‍ ഒരു വൈറസ് കാരണം എല്ലാം തലതിരിഞ്ഞു. അടുത്തുണ്ടായിട്ടും അതുവരെ അകറ്റിനിര്‍ത്തിയവരിലേക്കുതന്നെ മടങ്ങേണ്ടി വന്നു. അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും ഭര്‍ത്താവും മക്കളും അങ്ങനെ പലപ്രകാരമുള്ള ബന്ധങ്ങളെ വിളക്കിച്ചേര്‍ത്തിരിക്കുന്ന ഇടമാണ് കുടുംബം. സ്‌നേഹമെന്ന അദൃശ്യ ശക്തിയുടെ സ്വാധീന വലയിത്തിലുള്ളിലാണ് അവിടെ എല്ലാവരും. മാസങ്ങളോ വര്‍ഷങ്ങളോ അകന്നിരുന്നാലും കുടുംബം കൂടെയുണ്ടാകും എന്ന വിശ്വാസമാണ് പലര്‍ക്കും ജിവിക്കുന്നതിനുള്ള മൂലധനം. ഈ കൊറോണക്കാലം അത്തരം തിരിച്ചറിവുകളും അനുഭവങ്ങളുമാണ് നല്‍കിയത്.

ലോകം മുഴുവന്‍ അടച്ചിട്ടിരിക്കുമ്പോള്‍ ചെന്നുകയറാന്‍ ഒരു വീടും വീട്ടുകാരും കാത്തിരിക്കുന്നില്ലെങ്കില്‍, പലരുടേയും ജീവിതം അസ്തമിച്ച് പോകുമായിരുന്നു. കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ അനുകൂലമായ സാഹചര്യമായിരുന്നു എല്ലാ അര്‍ത്ഥത്തിലും ലോക്ഡൗണ്‍ സൃഷ്ടിച്ചത്. ലഹരി വസ്തുക്കള്‍കൊണ്ട് ജീവിതത്തിന്റെ നിറം കെട്ടുപോയവര്‍ക്ക്, ജീവിതം തിരികെ പിടിക്കാനുള്ള അവസരവും കൊറോണക്കാലം ഒരുക്കി. ലോക് ഡൗണ്‍ കഴിഞ്ഞും അവരുടെ ജീവിതം ലഹരിക്ക് അടിപ്പെടാതെയുള്ളതാകും എന്ന് പ്രത്യാശിക്കാം. കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും ഇനി തകര്‍ക്കില്ല എന്നതാവട്ടെ ഈ കുടുംബ ദിനത്തിലെ പ്രതിജ്ഞ.

കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചതിന്റെയും, സമയക്കുറവിന്റെ പേരില്‍ മാറ്റിവച്ച പലതും ചെയ്തു തീര്‍ത്തതിന്റേയും ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നവരാണ് ഏറിയ പങ്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സുഖവിവരങ്ങള്‍ തിരക്കി ബന്ധം പുതുക്കിയവരും ഏറെ. നിരാശയുടെയും ഒറ്റപ്പെടലിന്റേയും, വേര്‍പിരിയലിന്റേയും വേദന അനുഭവിച്ചവരും കുടുംബമെന്ന വടവൃക്ഷത്തിന്റെ തണലിലേക്ക് വന്നുചേരാന്‍ വെമ്പല്‍ കൊള്ളുന്നതും ഈ ലോക് ഡൗണ്‍ കാലത്ത് നാം കണ്ടു. പല തരത്തിലും നിസ്സഹായരായവര്‍. അവരെ ഓര്‍ത്ത് ഓരോ നിമിഷവും നീറുന്നവര്‍. പല ദിക്കുകളിലായി ചിതറിക്കിടക്കുന്ന വേണ്ടപ്പെട്ടവര്‍ വീടണയുന്നതിനായി കാത്തിരിക്കുന്നവര്‍. പഠനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അകപ്പെട്ടുപോയ മക്കളെ ഓര്‍ത്ത് വേവലാതിപ്പെടുന്ന അമ്മമനസ്സും, ആശങ്ക പുറത്തുകാണിക്കാതെ പിടിച്ചു നില്‍ക്കുന്ന അച്ഛനും, രണ്ടിടങ്ങളിലായിപ്പോയ ദമ്പതിമാരും, ഉറ്റവരുടെ വേര്‍പാട് അറിഞ്ഞ്, അവരെ ഒരുനോക്ക് കാണാനാവാതെ തളര്‍ന്നവരുമാണ് ഈ ലോക്ഡൗണ്‍ കാലത്തെ സങ്കടക്കാഴ്ച. ഭാര്യ ഗീതയുടെ മരണം ഏല്‍പ്പിച്ച ആഘാതവും പ്രിയതമയ്‌ക്ക് യാത്രാമൊഴി നല്‍കുന്നതിന് നാട്ടിലെത്താനാകാത്തതിന്റെ വേദനയും പേറി കടലിനപ്പുറം കാത്തിരിക്കുന്ന ഭര്‍ത്താവ് വിജയകുമാറിലൂടെയൊക്കെ കുടുംബ ബന്ധങ്ങളുടെ ആഴമാണ് ഉരുത്തിരിയുന്നത്.

മാറുന്ന കാലത്തിനിനനുസരിച്ച് കുടുംബ വ്യവസ്ഥിതിയിലും മാറ്റങ്ങളുണ്ട്. കൂട്ടുകുടുംബത്തില്‍ നിന്ന് പലതും അണുകുടുംബമായി ചുരുങ്ങി. പാശ്ചാത്യമായിരുന്ന ലിവിങ് ടുഗതര്‍ രീതിയും അസാധാരണമല്ലാതായി.  പക്ഷേ, കുടുംബം എന്നത് തലമുറയെ വാര്‍ത്തെടുത്ത് വംശപരമ്പര നിലനിര്‍ത്തുകയെന്ന മഹത്തായ കാഴ്ചപ്പാടിന്റെ ഉദാത്ത മാതൃകയാണ്. ബന്ധങ്ങളെ സ്‌നേഹത്തിന്റെ ഒറ്റനൂലിഴയില്‍ കോര്‍ത്തിരിക്കുന്നതിന്റെ പേരാണ് കുടുംബം. നാം ഓരോരുത്തരേയും ചേര്‍ത്തു നിര്‍ത്തുന്ന കുടുംബത്തിന് വേണ്ടി ഒന്നിച്ചു നില്‍ക്കാം. ഈ ലോക കുടുംബ ദിനത്തില്‍, വസുധൈവ കുടുംബകം എന്നതില്‍ അടിയുറച്ചുനിന്നുകൊണ്ട്, ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ നിന്നു ലോകത്തിനും നാം ഓരോരുത്തര്‍ക്കും കരകയറാന്‍ സാധിക്കുമെന്നു പ്രത്യാശിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by