കോഴിക്കോട്: എയര്‍ ഇന്ത്യ സര്‍വീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു അത്. ഏറെ ശ്രദ്ധയോടെ, അതോടൊപ്പം എല്ലാ യാത്രക്കാര്‍ക്കും ആത്മവിശ്വാസമേകിയുള്ള സര്‍വീസ്. ഈ പോരാട്ടത്തില്‍ തോറ്റുപോകരുതെന്ന ആഗ്രഹമായിരുന്നു എല്ലാവരുടെയും മുഖത്തും തെളിഞ്ഞ് നിന്നിരുന്നത്. കുവൈറ്റ്-കോഴിക്കോട് യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഐഎക്സ് 394-ാം ഫ്ളൈറ്റിന്റെ കേബിന് ക്രൂ ഇന്‍ ചാര്‍ജ്ജ് സബീര്‍ അഹമ്മദ് പറഞ്ഞു.
പലരും വന്ദേ ഭാരത് മിഷനിന്റെ ഭാഗമാകാന്‍ സ്വയം തയാറായതാണ്. കൊറോണയ്ക്കെതിരായ പ്രതിരോധ ദൗത്യത്തില്‍ പങ്കുവഹിക്കണമെന്ന മനോഭാവമായിരുന്നു അത്. അപകടമേഖലയാണെന്ന് അറിഞ്ഞുകൊണ്ട് സ്വയം തയാറായവരാണ് ഏറെയും. സബീര്‍ കൂട്ടിച്ചേര്‍ത്തു. ഭാരതീയ മസ്ദൂര്‍ സംഘത്തിന് കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എംപ്ലോയീസ് യൂണിയന് ജോയിന്റ് സെക്രട്ടറിയാണ് സബീര്‍ അഹമ്മദ്. വീരേന്ദ്ര സയ്നി, സൗമ്യരഘുപതി, ഫസല്‍ റഹ്മാന്, സഹിബ്ജിത്ത് സിങ്, വൈശാലി എന്നിവരായിരുന്നു വിമാനത്തിലെ മറ്റു ജീവനക്കാര്‍.
വിമാനത്തിലെ യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും വെള്ളവും മാസ്ക്കും സാനിറ്റൈസറുമെല്ലാം സീറ്റുകളില്‍ നേരത്തെ തന്നെ തയാറാക്കി വച്ചിരുന്നു. കൊറോണ ലക്ഷണം കാണിക്കുന്ന യാത്രക്കാരുണ്ടെങ്കില്‍ അവരെ ഐസൊലേഷനിലേക്ക് മാറ്റാന്‍ ഏറ്റവും പിറകില്‍ പ്രത്യേകം സീറ്റുകള്‍ സജ്ജീകരിച്ചിരുന്നു, സബീര്‍ പറഞ്ഞു. രാത്രി വൈകി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്കു ഹാജരായ ശേഷം അഞ്ച് ദിവസത്തെ ക്വാറന്റൈനിലാണ് വിമാന ജീവനക്കാരെല്ലാം. തുടര്‍ന്ന് വീണ്ടും സ്രവ പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ വീണ്ടും ദൗത്യമേറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: