തുര്‍ക്കി: കൊറോണ വൈറസ് കാരണമല്ല മകന് കാസിം മരിച്ചതെന്നും താന്‍ കൊന്നതാണെന്നും വെളിപ്പെടുത്തി തുര്‍ക്കി ഫുട്ബോള്‍ താരം സെവ്ഹര്‍ ടോക്ടാഷ്. പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. കാസിം മരിച്ച് 11-ാം ദിവസമാണ് മരണ കാരണം കൊറോണയല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ടോക്ടാഷ് ഏറ്റുപറഞ്ഞത്.
ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. കട്ടിലില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാന്‍ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാന്‍ തലയിണ അതേപടി പിടിച്ചു. ആ സമയം അവന് ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാന്‍ തലയിണ മാറ്റിയത്. അതിനുശേഷം എന്നെ സംശയിക്കാതിരിക്കാന്‍ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉള്‍പ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ കൊറോണ മരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാന്‍ തനിക്കു സാധിച്ചിട്ടില്ലെന്ന് ടോക്ടാഷ് പോലീസിനോടു വ്യക്തമാക്കി. തനിക്ക് മാനസികമായ പ്രശ്നമൊന്നുമില്ലെന്നും അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം തനിക്ക് അവനെ ഇഷ്ടമല്ലെന്നത് മാത്രമാണെന്നും കുറ്റബോധം വേട്ടയാടിയപ്പോഴാണ് എല്ലാം തുറന്ന് പറയാന്‍ തയ്യാറായതെന്നും ടോക്ടാഷ് വെളിപ്പെടുത്തി.
മകന് മരിച്ച് ദിവസങ്ങള്‍ക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. മുപ്പത്തി മൂന്നുകാരനായ ഇദ്ദേഹത്തെ തുര്‍ക്കി പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: